
ഡൽഹി: വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീംകോടതിയുടെ നിർണായക ഇടപെടൽ. വഖഫായി പ്രഖ്യാപിച്ച സ്വത്തുക്കൾ ഡീനോട്ടിഫൈ ചെയ്യരുതെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. അതായത് ഉപയോഗം വഴിയോ കോടതി ഉത്തരവ് വഴിയോ വഖഫ് ആയ സ്വത്തുക്കൾ അതല്ലാതാക്കരുതെന്നാണ് പരമോന്നത കോടതി വ്യക്തമാക്കിയത്. വഖഫ് കൗൺസിലിൽ എക്സ് ഒഫിഷ്യോ അംഗങ്ങൾ ഒഴികെയുള്ളവർ മുസ്സിംങ്ങൾ തന്നെയാകണം എന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ഇന്ന് ഇടക്കാല ഉത്തരവിലേക്ക് സുപ്രീം കോടതി നീങ്ങിയെങ്കിലും, ഇടക്കാല ഉത്തരവ് ഇന്നിറക്കരുതെന്ന കേന്ദ്ര നിർദ്ദേശം അംഗീകരിച്ചു. നാളെ വിശദമായ വാദം കേട്ട ശേഷം ഇടക്കാല ഉത്തരവിറക്കുമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.
ഉപയോഗം വഴി വഖഫ് ആയവ അതല്ലാതെ ആക്കിയാൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ആശങ്കപ്പെടുന്നതായി കോടതി അഭിപ്രായപ്പെട്ടു. നാളെ രണ്ടുമണിക്ക് ഹർജികളിൽ വീണ്ടും വാദം കേൾക്കും. വഖഫ് ഭൂമി ഡീനോട്ടിഫൈ ചെയ്യുമോ എന്നതാണ് പ്രധാന ആശങ്കയെന്നും സുപ്രീംകോടതി വിവരിച്ചു. വഖഫ് ഭേദഗതിയുമായി ബന്ധപ്പെട്ട് മുർഷിദാബാദിലുണ്ടായ സംഘർഷത്തിലും ആശങ്ക രേഖപ്പെടുത്തി.