
വാഷിങ്ടന്‍ : യുഎസ് മുന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രഹസ്യമാക്കി വച്ചിരുന്നവയില്‍ ഏതാനും ഫയലുകള്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവനുസരിച്ച് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
1963 നവംബര്‍ 22നു ഡാലസില്‍വെച്ചാണ് അദ്ദേഹം വെടിയേറ്റ് കൊല്ലപ്പെട്ടത്. വാഹനവ്യൂഹ അകമ്പടിയോടെ ഭാര്യ ജാക്വിലിനൊപ്പം തുറന്ന കാറില്‍ സഞ്ചരിക്കുമ്പോഴാണ് കെന്നഡിക്കു വെടിയേറ്റത്. സമീപത്തെ കെട്ടിടത്തിന്റെ ആറാം നിലയിലെ ജനാലയ്ക്കരികില്‍നിന്ന് വെടിയുതിര്‍ത്ത ലീ ഹാര്‍വി ഓസ്വോള്‍ഡ് എന്നയാള്‍ പിടിയിലായെങ്കിലും 2 ദിവസം കഴിഞ്ഞ് ജയിലിലേക്കു മാറ്റുന്നതിനിടെ ജാക്ക് റൂബി എന്നയാളുടെ വെടിയേറ്റ് ഇയാള്‍ മരിച്ചു.
കെന്നഡിയെ വധിച്ചത് അവരുടെതന്നെ ചാരസംഘടനയായ സിഐഎ ആകാനുള്ള സാധ്യതയെക്കുറിച്ചാണ് പുറത്തുവിട്ട രേഖകള്‍ സൂചിപ്പിക്കുന്നത്. മുമ്പും പുറത്തുവന്ന ചില ഊഹങ്ങള്‍ക്ക് ബലം നല്‍കുന്ന വിവരങ്ങളാണിത്.
പുതുതായി പുറത്തുവിട്ട 63,000 പേജു വരുന്ന 2200 ഫയലുകള്‍ യുഎസ് നാഷനല്‍ ആര്‍ക്കൈവ്‌സ് ആന്‍ഡ് റെക്കോര്‍ഡ്‌സ് അഡ്മിനിസ്‌ട്രേഷന്റെ വെബ്‌സൈറ്റിലാണുള്ളത്. ഇതില്‍ കെന്നഡിയുടെ ജീവനെടുത്ത വെടിയുണ്ട വന്നത് മറ്റൊരിടത്തു നിലയുറപ്പിച്ചിരുന്ന മറ്റൊരു കൊലയാളിയുടെ തോക്കില്‍നിന്നാകാം എന്നാണ് പറയുന്നത്.
മാത്രമല്ല, കെന്നഡി കൊല്ലപ്പെടുന്നതിനു മുന്‍പ് മെക്‌സിക്കോ സിറ്റിയിലെ സോവിയറ്റ്, ക്യൂബന്‍ എംബസികളില്‍ ഓസ്വോള്‍ഡ് സന്ദര്‍ശനം നടത്തിയ കാര്യം ഒരു സിഐഎ ഉദ്യോസ്ഥന്‍ മേലധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. 1962 ഡിസംബറിനും 1963 ജനുവരിക്കും ഇടയില്‍ ഈ 2 എംബസികള്‍ തമ്മില്‍ ഫോണ്‍ വഴി നടന്ന ആശയവിനിമയങ്ങളെല്ലാം സിഐഎ ചോര്‍ത്തി. സിഐഎയിലെ ഒരു സംഘം ഉദ്യോഗസ്ഥരും കെന്നഡിയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റും തമ്മില്‍ അത്ര രസത്തിലായിരുന്നില്ല. കെന്നഡി വധത്തിനു പിന്നാലെ, സംഭവത്തില്‍ സിഐഎയ്ക്കു പങ്കുണ്ടെന്ന് ഗാരി അണ്ടര്‍ഹില്‍ എന്ന സിഐഎ ഏജന്റ് ആരോപിച്ചിരുന്നതായും രേഖകള്‍ വെളിപ്പെടുത്തുന്നു. കുറ്റം ഓസ്വോള്‍ഡിന്റെ മേല്‍ കെട്ടിവയ്ക്കുകയായിരുന്നെന്നും അണ്ടര്‍ഹില്‍ സുഹൃത്തിനോടു വെളിപ്പെടുത്തിയിരുന്നു. ഏതാനും മാസങ്ങള്‍ക്കു ശേഷം അണ്ടര്‍ഹിലിനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതെല്ലാം വിരല്‍ ചൂണ്ടുന്ന ദുരൂഹതയാണ് പുറത്തുവിട്ട വിവരങ്ങളിലുള്ളത്.