
ന്യൂയോർക്ക്: ഇന്ത്യയിലെ തിരഞ്ഞെടുപ്പിനായി ബൈഡൻ ഭരണകൂടം 2.1 കോടി ഡോളര്‍ (160 കോടി ഇന്ത്യന്‍ രൂപ) നല്‍കിയെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ആരോപണത്തിന് ചെക്ക് വച്ച് വാഷിംഗ്ടൺ പോസ്റ്റ്. തെരഞ്ഞെടുപ്പ് കാലത്ത് ഇന്ത്യക്ക് അമേരിക്ക ഇത്രയും വലിയ ഫണ്ട് നല്‍കിയിരുന്നുവെന്ന ട്രംപിന്റെ വാദം തെറ്റെന്നാണ് അമേരിക്കയിലെ മുന്‍നിര മാധ്യമമായ വാഷിങ്ടണ്‍ പോസ്റ്റ് ചൂണ്ടികാണിച്ചിരിക്കുന്നത്. ട്രംപ് പറഞ്ഞതിന് യാതൊരു രേഖയുമില്ലെന്നാണ് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ട്രംപിന്‍റെ ആരോപണം തെറ്റാണെന്ന് കഴിഞ്ഞദിവസം ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വാഷിംഗ്ടൺ പോസ്റ്റും ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യു.എസ്.എ.ഐ.ഡിയില്‍ നിന്നുള്ള 2.1 കോടി ഡോളര്‍ 2022-ല്‍ അനുവദിച്ചത് ബംഗ്ലാദേശിനാണ് എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് ശരിവെക്കുന്നതാണ് വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടും. ‘എങ്ങനെയാണ് ഡോജിന്റെ തെറ്റായൊരു അവകാശവാദം ഇന്ത്യയില്‍ രാഷ്ട്രീയക്കൊടുങ്കാറ്റ് ആളിക്കത്തിച്ചത്?’ എന്ന തലക്കെട്ടിലാണ് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
ട്രംപിൻ്റെ അവകാശവാദത്തിന് പിന്നാലെ ഇന്ത്യയിൽ വലിയ രാഷ്ട്രീയ കൊടുങ്കാറ്റാണ് ഉയർന്നത്. ഇതിന് പിന്നാലെയാണ് അമേരിക്കൻ ദിനപത്രത്തിൻ്റെ റിപ്പോർട്ട് പുറത്തുവന്നത്. 2008 മുതൽ ഇന്ത്യയ്ക്ക് വോട്ടെടുപ്പുമായി ബന്ധപ്പെട്ട ഒരു പദ്ധതിക്കും യുഎസ്എഐഡിയിൽ നിന്ന് ധനസഹായം ലഭിച്ചിട്ടില്ലെന്ന് അവകാശപ്പെടുന്ന ഇന്ത്യൻ എക്സ്പ്രസ്സിന്റെ സമാനമായ ലേഖനത്തെ വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് പിന്തുണയ്ക്കുന്നു.
ഇന്ത്യയിലെ തിരഞ്ഞെടുപ്പിന് യു.എസ്.എ.ഐഡിയില്‍ നിന്ന് ഫണ്ട് ലഭിച്ചുവെന്ന ആരോപണം ബി.ജെ.പി. കോണ്‍ഗ്രസിനെതിരെ ആയുധമാക്കിയിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസിന്റേയും വാഷിങ്ടണ്‍ പോസ്റ്റിന്റേയും റിപ്പോര്‍ട്ടുകള്‍ വന്നതോടെ ബി.ജെ.പിക്കെതിരെ ശക്തമായി തിരിച്ചടിക്കുകയാണ് കോണ്‍ഗ്രസ്. ബി.ജെ.പിയുടെ കള്ളപ്രചരണം പൊളിഞ്ഞുവെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതികരണം