
വയനാട് ദുരന്തത്തിൽ പ്രത്യേക ധനസഹായം പ്രഖ്യാപിക്കാത്ത കേന്ദ്ര സർക്കാർ, പുനരധിവാസത്തിനായി വായ്പ ഇനത്തിൽ 529.50 കോടി അനുവദിച്ചു. അമ്പത് വര്‍ഷത്തെ തിരിച്ചടവ് കാലയളവ് നൽകികൊണ്ടാണ് കേരളത്തിന് ഈ തുക വായ്പയായി അനുവദിച്ചത്. തുക ഒന്നര മാസത്തിനുള്ളില്‍ ചെലവഴിച്ച് കണക്കും ഹാജരാക്കണമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. മാര്‍ച്ച് 31 നകം തുക ചെലവഴിച്ചതിന്റെ രേഖകള്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശം. കെഎസ്ഡിഎംഎ വഴി വിവിധ വകുപ്പുകളിലൂടെയാണ് പുനരധിവാസത്തിനായി തുക ചെലവഴിക്കേണ്ടത്. ക്യാപക്‌സ് വായ്പയായി 529.50 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്.
ടൗണ്‍ഷിപ്പ് അടക്കം സംസ്ഥാനം നല്‍കിയ 15 പദ്ധതികള്‍ക്കായാണ് തുക അനുവദിച്ചത്. ഫെബ്രുവരി പകുതിയോടെ അനുവദിച്ച തുക മാര്‍ച്ച് അവസാനത്തോടെ പതിനഞ്ച് പദ്ധതികള്‍ക്കായി ചെലവഴിച്ച് രേഖകള്‍ സമര്‍പ്പിക്കാനുള്ള നിര്‍ദേശം സംസ്ഥനത്തിന് വെല്ലുവിളിയാകും. ടൗണ്‍ഷിപ്പില്‍ റോഡ്, പാലം, സ്‌കൂള്‍ തുടങ്ങി ഭൗതികസാഹചര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ടി പണം വിനിയോഗിക്കാം എന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
അതേസമയം മന്ത്രിമാരും പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കമുള്ളവരും കേന്ദ്രത്തിന്‍റെ ഈ തീരുമാനത്തെ വിമർശിച്ച് രംഗത്തെത്തി. വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിന് സഹായം അനുവദിക്കുന്നതിനു പകരം 530 കോടിയുടെ വായ്പ നല്‍കി ഒന്നര മാസത്തിനകം ചിലവഴിച്ചു തീര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്നത് കേരളത്തിലെ മുഴുവന്‍ ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്നാണ് നേതാക്കൾ അഭിപ്രായപ്പെട്ടത്.