ഒട്ടാവ: ചൈനയ്ക്കും അയൽരാജ്യങ്ങളായ കാനഡയ്ക്കും മെക്സിക്കോയ്ക്കും ഇറക്കുമതിത്തീരുവ ചുമത്താനുള്ള അമേരിക്കൻ തീരുമാനത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയരുന്നു. അടിക്ക് തിരിച്ചടിയെന്ന പോലെ യുഎസ് ഉത്പന്നങ്ങൾക്ക് അധികനികുതി ചുമത്താനാണ് കാനഡയുടെ തീരുമാനം. ഇപ്പോൾ ഈ വിഷയത്തിൽ രൂക്ഷപ്രതികരണമാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നടത്തിയിട്ടുള്ളത്. പ്രതിസന്ധിഘട്ടങ്ങളിലെല്ലാം കാനഡ അമേരിക്കക്കൊപ്പം നിന്നിട്ടുണ്ടെന്നുള്ള കാര്യം ഓർക്കണമെന്നാണ് ട്രൂഡോ പറഞ്ഞത്. അമേരിക്കയക്ക് സുവർണകാലഘട്ടത്തിലേക്ക് മുന്നേറാനുള്ള വഴി കാനഡയുമായുള്ള പങ്കാളിത്തമാണെന്നും ട്രൂഡോ കൂട്ടിച്ചേർത്തു.
കാനഡയോടും കാനഡക്കാരോടും യുഎസ് വഞ്ചനയാണ് കാണിച്ചത്. അഫ്ഗാനിസ്ഥാനിൽ അമേരിക്കയോടൊപ്പം പോരാട്ടം നടത്തിയവരാണ് കാനഡ സൈന്യം. കാലിഫോർണിയയിലെ കാട്ടുതീമുതൽ കത്രീനാ ചുഴലിക്കാറ്റുവരെയുള്ള പ്രതിസന്ധികളിലെല്ലാം അമേരിക്കൻ ജനതയോടൊപ്പം കാനഡ അചഞ്ചലമായി നിന്നു. അത് അമേരിക്കക്കാർ ഓർക്കണം. നോർമാൻഡി ബീച്ചിൽ നിന്ന് കൊറിയ വരെ, കാണ്ഡഹാർ തെരുവുകൾ വരെ ഞങ്ങൾ നിങ്ങൾക്കൊപ്പം ഒരുമിച്ച് പോരാടുകയും മരിക്കുകയും ചെയ്തുവെന്ന് ട്രൂഡോ പറഞ്ഞു.
അതേസമയം, ട്രംപ് ഭരണകൂടം ചുമത്തിയ നികുതിക്ക് പകരമായി 15,500 കോടി കനേഡിയൻ ഡോളർ (9.2 ലക്ഷംകോടി രൂപ) മൂല്യം വരുന്ന യുഎസ് ഉത്പന്നങ്ങൾക്ക് 25 ശതമാനം അധികനികുതി ചുമത്തുമെന്ന് കഴിഞ്ഞദിവസമാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചത്.