മിസൈൽ അടക്കം പാകിസ്ഥാന് എല്ലാ സഹായവും നൽകാൻ ചൈന; നിർണായക നീക്കവുമായി യുഎസ്, ‘ഏത് സാഹചര്യത്തിലും ഇന്ത്യക്ക് ഒപ്പം തന്നെ’

വാഷിംഗ്ടൺ: പഹൽഗാം ആക്രമണത്തിന് പിന്നാലെ പാകിസ്ഥാന് മിസൈൽ അടക്കമുള്ള സഹായം നൽകാൻ ചൈന തയാറെടുക്കുമ്പോൾ ഇന്ത്യക്ക് പൂര്‍ണ പിന്തുണയെന്ന് പ്രഖ്യാപിച്ച് അമേരിക്ക. പഹൽഗാം ആക്രമണത്തിൽ ഇന്ത്യയുടെ കൂടെ തന്നെ നിൽക്കുന്നുവെന്ന് യുഎസ് വ്യക്തമാക്കി. യുഎസ് ഇന്ത്യയ്‌ക്കൊപ്പം നിൽക്കുകയും എല്ലാ ഭീകരപ്രവർത്തനങ്ങളെയും ശക്തമായി അപലപിക്കുകയും ചെയ്യുന്നുവെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെയും പ്രസ്താവനകൾ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ടാമി ബ്രൂസ് ആവര്‍ത്തിക്കുകയായിരുന്നു.

ഇന്ത്യയുടെ കൂടെയുണ്ട് എന്ന സന്ദേശമാണ് യുഎസ് വിദേശകാര്യ വകുപ്പ് ഇന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന് നല്കിയ പ്രസ്താവനയിൽ ആവർത്തിക്കുന്നത്. ‘ഈ ആക്രമണം അംഗീകരിക്കാനാവില്ല. വിഷയം ഉത്തരവാദിത്ത ബോധത്തോടെ പരിഹരിക്കണം’. രണ്ടു രാജ്യങ്ങളുമായും സമ്പർക്കത്തിലാണെന്നും അമേരിക്ക വ്യക്തമാക്കുന്നു. ഇന്ത്യ തിരിച്ചടിക്കൊരുങ്ങുന്നുവെന്ന് ഭയക്കുന്ന പാകിസ്ഥാൻ ഇന്നലെ ചൈനയുടെ സഹായം തേടിയിരുന്നു.

പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാകിസ്ഥാനെ പിന്തുണച്ച് വീണ്ടും ചൈന രംഗത്ത് വന്നിരുന്നു. നീതിയുക്തമായ ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുമെന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് ഗുവോ ജിയാകുൻ പ്രതികരിച്ചത്. ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്നും കൂടിയാലോചനകളിലൂടെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കണമെന്നും ചൈനീസ് വിദേശകാര്യ വക്താവ് ആവശ്യപ്പെട്ടു. എന്നാൽ നിഷ്‌പക്ഷ അന്വേഷണം വേണമെന്ന പാക് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫിൻ്റെ നിലപാടിനുള്ള പിന്തുണയാണ് ചൈന നൽകുന്നത്.

More Stories from this section

family-dental
witywide