
ദില്ലി: അമേരിക്കയിൽ നിന്ന് ഇന്നലെ രണ്ടാം ഘട്ട അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ എത്തിച്ചതും കൈവിലങ്ങിട്ടും ചങ്ങല അണിയിച്ചെന്നും മടങ്ങിയെത്തിയ യുവാവിന്‍റെ വെളിപ്പെടുത്തൽ. പഞ്ചാബ് ഹോഷിയാർപൂർ സ്വദേശി ദൽജിത് സിംഗ് വാർത്താ ഏജൻസിയോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അമേരിക്കൻ സൈനിക വിമാനത്തിൽ ഇന്നലെ ഇന്ത്യയിലെത്തിയവരിൽ ഒരാളാണ് ദൽജീത് സിംഗ്. കൈവിലങ്ങിട്ട് ആദ്യ ഘട്ടത്തിൽ ഇന്ത്യാക്കാരെ എത്തിച്ചതിൽ വലിയ വിമർശനമുണ്ടായിട്ടും രണ്ടാഘട്ടത്തിലും അമേരിക്ക അതേ നിലപാട് സ്വീകരിച്ചത് കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതാണ്. പ്രത്യേകിച്ചും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദർശിച്ച പശ്ചാത്തലത്തിൽ.
കോൺഗ്രസും പ്രതിപക്ഷവും ഇതിനകം മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇതിനേക്കാൾ അപമാനകരമായി രാജ്യത്തിന് ഒന്നുമില്ലെന്ന വിമർശനമാണ് കോൺഗ്രസ് ഉയർത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം കൊണ്ട് എന്ത് ഗുണമെന്നും കോൺഗ്രസ് എംപി മനീഷ് തിവാരി ചോദിച്ചു. മോദിയുടെ സന്ദർശനത്തിന് ശേഷം അനധികൃത കുടിയേറ്റക്കാരെ അമേരിക്ക മാന്യമായി പരിഗണിക്കുമെന്നും സൈനിക വിമാനത്തിന് പകരം യാത്രാ വിമാനം നൽകുമെന്ന് പ്രതീക്ഷിച്ചെങ്കിലും പഴയപടി തന്നെയാണ് അമേരിക്ക ഇന്ത്യൻ കുടിയേറ്റക്കാരോട് പെരുമാറിയതെന്നത് മോദിയുടെ അമേരിക്കൻ സന്ദർശനത്തിന്‍റെ പരാജയമായാണ് പ്രതിപക്ഷം ചൂണ്ടികാട്ടുന്നത്.
116 ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരുമായി രണ്ടാമത്തെ യു എസ് സൈനിക വിമാനമാണ് ഇന്നലെ രാത്രിയാണ് അമൃത്‍സറിൽ എത്തിയത്. നാടുകടത്തപ്പെട്ടവരുടെ രണ്ടാമത്തെ ബാച്ചിൽ പഞ്ചാബിൽ നിന്നുള്ള 65 പേരും ഹരിയാനയിൽ നിന്നുള്ള 33 പേരും ഗുജറാത്തിൽ നിന്നുള്ള എട്ട് പേരും ഉത്തർപ്രദേശ്, ഗോവ, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് പേർ വീതവും ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ വ്യക്തിയുമാണ് ഉണ്ടായിരുന്നത്. പഞ്ചാബ്, ഹരിയാന സർക്കാരുകൾ നാടുകടത്തപ്പെട്ടവർക്കായി പ്രത്യേക യാത്രാ സൗകര്യങ്ങൾ ഒരുക്കി. 157 നാടുകടത്തപ്പെട്ടവരുമായി മൂന്നാമത്തെ വിമാനം ഇന്ന് രാത്രി അമൃത്സറിൽ ഇറങ്ങും.