![](https://www.nrireporter.com/wp-content/uploads/2025/02/pinarayi-and-chennithala.jpg)
തിരുവനന്തപുരം: രമേശ് ചെന്നിത്തല അടുത്ത മുഖ്യമന്ത്രിയാകട്ടെയെന്ന് ആശംസിച്ച സ്വാഗത പ്രാസംഗികന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു പാര്‍ട്ടിക്കകത്ത് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ബോംബാണ് പൊട്ടിച്ചതെന്നായിരുന്നു പിണറായിയുടെ മറുപടി.
തിരുവനന്തപുരത്ത് നോര്‍ക്ക സംഘടിപ്പിച്ച, വ്യവസായി രവി പിള്ളയെ ആദരിക്കുന്ന ചടങ്ങിലായിരുന്നു സ്വാഗത പ്രാസംഗികനായ ഡോ. ജി. രാജ്‌മോഹന്‍ നടത്തിയ പരാമര്‍ശത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയത്.
കേരള രാഷ്ട്രീയത്തിലെ ഒരിക്കലും അവഗണിക്കാന്‍ കഴിയാത്ത രമേശ് ചെന്നിത്തല. അടുത്ത മുഖ്യമന്ത്രിയായി അദ്ദേഹം വരട്ടെയെന്ന് ഞാന്‍ ആശംസിക്കുകയാണ്. വി.ഡി. സതീശന്‍ സാറ് പോയോ… രാഷ്ട്രീയ ചര്‍ച്ചകള്‍ക്കൊന്നുമുള്ള വേദിയല്ല. സ്‌നേഹത്തോടും ബഹുമാനത്തോടും പെരുമാറുന്ന വലിയ ചാലകശക്തിയാണ് രമേശ് ചെന്നിത്തല’, എന്നായിരുന്നു സ്വാഗതപ്രാസംഗികന്റെ വാക്കുകള്‍.
ഇപ്പോള്‍ തന്നെ വലിയ പ്രശ്‌നത്തിലാണെന്നായിരുന്നു ചെന്നിത്തലയ്ക്ക് അടുത്തിരുന്ന എം.കെ. പ്രേമചന്ദ്രന്റെ പ്രതികരണം. സ്വാഗതപ്രാസംഗികന്റെ ആശംസ സദസ്സിലാകെ ചിരിപടര്‍ത്തി.
തുടര്‍ന്ന് തന്റെ പ്രസംഗത്തിനിടെയാണ് മുഖ്യമന്ത്രി ഇതിന് മറുപടി നല്‍കിയത്. ‘സ്വാഗതപ്രാസംഗികനെക്കുറിച്ച് ഒരു വാചകം പറഞ്ഞില്ലെങ്കില്‍ അത് മോശമായി തീരുമെന്ന് എനിക്ക് തോന്നുന്നു. അദ്ദേഹം രാഷ്ട്രീയമൊന്നും പറയുന്നില്ലെന്ന് പറഞ്ഞു. പക്ഷേ, ഒരുപാര്‍ട്ടിക്കകത്ത് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന വലിയ ബോംബാണ് അദ്ദേഹം പൊട്ടിച്ചത്. ഞാന്‍ ആ പാര്‍ട്ടിക്കാരന്‍ അല്ലായെന്ന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാമല്ലോ? അങ്ങനെയൊരു കൊടുംചതി ചെയ്യാന്‍ പാടില്ലായിരുന്നു എന്നായിരുന്നു എനിക്കദ്ദേഹത്തോട് സ്‌നേഹപൂര്‍വം ഉപദേശിക്കാനുള്ളത്’, എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.
Welcome speaker says Chennithala should be the next Chief Minister Pinarayi reacts