ട്രംപ് ചെയ്യുന്നത് പ്രാകൃത സാമ്രാജ്യത്വത്തിന്റെ തനിയാവർത്തനം: പ്രകാശ് കാരാട്ട്

സാമ്രാജ്യത്വവും സോഷ്യലിസവും തമ്മിലുള്ള വൈരുധ്യം കൂടുതൽ തീവ്രമാവുകയാണെന്ന് സിപിഎം കോർഡിനേറ്ററും പൊളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ട്. സാമ്രാജ്യത്വ ആധിപത്യ രാഷ്ട്രം അമേരിക്ക തന്നെയാണെന്നാണ് ട്രംപ് പ്രഖ്യാപിക്കുന്നത്. അമേരിക്കയെ വീണ്ടും മഹത്തരമാക്കണമെന്ന് ട്രംപ് പറയുമ്പോള്‍ അത് അമേരിക്കയ്ക്ക് പഴയ ആധിപത്യമില്ലെന്ന് തുറന്നുസമ്മതിക്കുകയാണെന്ന് കാരാട്ട് കൂട്ടിച്ചേർത്തു.

സിപിഎം കേരള സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രകാശ് കാരാട്ട്.

‘ജനുവരി 20-നാണ് ട്രംപ്‌ അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റെടുത്തത്. രാഷ്ട്രീയ സാമ്പത്തിക മേഖലയില്‍ നയങ്ങളില്‍ കുറച്ച് സമയം കൊണ്ടുതന്നെ ഒരു പുനഃസംഘടനയാണ് ട്രംപ് നടത്തിക്കൊണ്ടിരിക്കുന്നത്.

സമ്പദ്ഘടനയില്‍, സമൂഹത്തില്‍, രാഷ്ട്രീയമണ്ഡലത്തില്‍ ആറാഴ്ച കൊണ്ട് പുനഃസംഘടനയിലൂടെ ആധിപത്യം ഉറപ്പിക്കുന്നതിനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സാമ്രാജ്യത്വ ആധിപത്യ രാഷ്ട്രം അമേരിക്ക തന്നെയാണെന്നാണ് ട്രംപ് പ്രഖ്യാപിക്കുന്നത്. അമേരിക്കയെ വീണ്ടും മഹത്തരമാക്കണമെന്ന് ട്രംപ് പറയുമ്പോള്‍ അത് അമേരിക്കയ്ക്ക് പഴയ ആധിപത്യമില്ലെന്ന് തുറന്നുസമ്മതിക്കുകയാണ്.

‘യഥാര്‍ഥത്തില്‍ ട്രംപ് ചെയ്യുന്നത് 19-ാം നൂറ്റാണ്ടിലെ പ്രാകൃത സാമ്രാജ്യത്വത്തിന്റെ രീതികളാണ്. കൂടുതല്‍ അതിരുകള്‍ വിപുലപ്പെടുത്തുക, കാനഡയെ അമേരിക്കയുടെ 55-ാമത് സംസ്ഥാനമാക്കുമെന്ന പ്രഖ്യാപനം, ഗാസ മുനമ്പ് വിട്ടുതന്നാല്‍ റിസോര്‍ട്ടാക്കുമെന്ന പ്രഖ്യാപനം എന്നിവയെല്ലാം പ്രാകൃത കാലഘട്ടത്തിന്റെ ആധിപത്യത്തിന്റെ തനിയാവര്‍ത്തനമാണ്. ‘- കാരാട്ട് വ്യക്തമാക്കി.

വര്‍ത്തമാന സാഹചര്യത്തില്‍ കേരളത്തിലെ സിപിഎം ഘടകം രാജ്യത്തെ പാര്‍ട്ടി നയം നടപ്പിലാക്കുന്നതില്‍ ഏറ്റവും മുന്‍പന്തിയിലാണ് നില്‍ക്കുന്നത്. ഹിന്ദുത്വ കോര്‍പ്പറേറ്റ് ആധിപത്യ സംവിധാനത്തിനെതിരേ ജനാധിപത്യ മതനിരപേക്ഷ ഫെഡറല്‍ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി കേരളത്തിലെ പാര്‍ട്ടി പ്രധാന പോരാട്ടം നടത്തുന്നു. രാജ്യത്തെ ഏക ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തിലാണ് പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ രാജ്യത്തെ നവഉദാരവത്കരണ വര്‍ഗീയ നയങ്ങള്‍ക്കെതിരായ ബദല്‍ സമീപനമാണ് പ്രയോഗത്തില്‍ വരുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും കാരാട്ട് പറഞ്ഞു.

What Trump is doing is a reinterpretation of primitive imperialism says Prakash Karat

More Stories from this section

family-dental
witywide