‘എന്ത് പ്രശ്നവും പരിഹരിക്കാൻ പറ്റുന്ന രണ്ട് ലോകനേതാക്കൾ നമുക്കുണ്ട്, ട്രംപും മോദിയും’, തീരുവ തർക്കത്തിലടക്കം പ്രതികരിച്ച് യുഎസ് ഇന്‍റലിജൻസ് ഡയറക്ട‌ർ

ഡൽഹി: ഇന്ത്യ- അമേരിക്ക തീരുവ തർക്കത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ ഉന്നതതലത്തിൽ നേരിട്ടുള്ള ചർച്ച ആരംഭിച്ചെന്ന് അമേരിക്കൻ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡ്. ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയപ്പോഴായിരുന്നു തുളസി ഗബ്ബാർഡ് ഇക്കാര്യത്തിൽ പ്രതികരണം നടത്തിയത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താനുള്ള മികച്ച അവസരമാണ് ഇപ്പോഴുള്ളത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിന് കൂടുതൽ സാധ്യതകളുണ്ട്. നെഗറ്റീവ് രീതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനേക്കാൾ കൂടുതൽ പോസിറ്റീവായി കാര്യങ്ങൾ കാണുന്നതിൽ സന്തോഷമുണ്ടെന്നും ഡൽഹിയിൽ നടക്കുന്ന തിങ്ക് ടാങ്ക് ഒബ്സർവർ റിസർച്ച് ഫൗണ്ടേഷന്റെ വാർഷിക റെയ്‌സിന പരിപാടിക്കിടെ തുളസി ഗബ്ബാർഡ് വ്യക്തമാക്കി.

ഇന്ത്യയുടെയും ജനതയുടെയും താൽപര്യങ്ങൾ എന്താണെന്ന് പ്രധാനമന്ത്രി മോദി അന്വേഷിക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. യു എസ് പ്രസിഡന്റ് ട്രംപാകട്ടെ അമേരിക്കയുടെ സാമ്പത്തിക താൽപ്പര്യങ്ങൾക്കും അമേരിക്കൻ ജനതയുടെയും താൽപ്പര്യങ്ങൾക്കുമായി പ്രവർത്തിക്കുന്നു. എന്ത് പ്രശ്നങ്ങൾക്കും പരിഹാരങ്ങൾ കാണാൻ ശേഷിയുള്ള രണ്ട് നേതാക്കൾ നമുക്കുണ്ടെന്നതാണ് ഏറ്റവും മികച്ച കാര്യം. ഇന്ത്യയിലും അമേരിക്കയിലും സ്വകാര്യ മേഖലയിൽ അതീവ താൽര്യമുള്ളതിനാൽ ഇന്ത്യാ സന്ദർശനത്തിൽ ആവേശത്തിലാണെന്നും തുളസി വ്യക്തമാക്കി.

മഹാഭാരതത്തിൽ വ്യക്തിപരവും തൊഴിൽപരവുമായ പ്രതിസന്ധി ഘട്ടങ്ങളിൽ ഭഗവാൻ കൃഷ്ണൻ അർജുനന് നൽകിയ ഉപദേശങ്ങളിൽ നിന്നാണ് താൻ ശക്തിയും മാർഗനിർദേശവും നേടുന്നതെന്നും അവർ വിവരിച്ചു. ഏറ്റവും നല്ല സമയങ്ങളിലും മോശം സമയങ്ങളിലും ഭഗവാൻ കൃഷ്ണൻ അർജുനന് നൽകിയ ഭഗവദ്ഗീതയിലെ ഉപദേശങ്ങളാണ് താൻ ജീവിതത്തിൽ ആശ്രയിക്കുന്നതെന്നും ഗബ്ബാർഡ് വ്യക്തമാക്കി.

Also Read

More Stories from this section

family-dental
witywide