
ഇലോൺ മസ്‌കിന്റെ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക് ഇന്ത്യൻ വിപണിയിലേക്ക് എത്തുകയാണ്. എയർടെലും റിയലൻസ് ജിയോയുമാണ് ഇതിന് വഴി വെട്ടിയിട്ടുള്ളത്. ഇരുകമ്പനികളും സ്റ്റാർലിങ്കുമായി കരാർ ഒപ്പിട്ടതായി പ്രഖ്യാപിച്ചുകഴിഞ്ഞു. സ്റ്റാർലിങ്കിന്റെ ഇന്ത്യയിലേക്കുള്ള പ്രവേശനത്തെ നേരത്തെ എതിർത്തിരുന്ന ടെലികോം കമ്പനികൾ തന്നെയാണ് ഇപ്പോൾ അവരുമായി പങ്കാളിത്തമുണ്ടാക്കിയത് എന്നുള്ളതാണ് ഏറെ ശ്രദ്ധേയം.
ഇലോൺ മസ്‌കിന്റെ തന്നെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന് കീഴിലുള്ള ഉപഗ്രഹ ഇന്റർനെറ്റ് കമ്പനിയാണ് സ്റ്റാർലിങ്ക്. ആയിരകണക്കിന് ലോ എർത്ത് ഓർബിറ്റ് ഉപഗ്രഹങ്ങൾ സ്റ്റാർലിങ്കിനുണ്ട്. ഇത്തരത്തിലുള്ള ചെറു കൃത്രിമ ഉപഗ്രഹങ്ങളിൽ നിന്നും നേരിട്ട് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്റ്റിവിറ്റി എത്തിക്കുകയാണ് സ്റ്റാർലിങ്ക് ചെയ്യുന്നത്.
മിക്ക സാറ്റലലൈറ്റ് ഇന്റർനെറ്റ് സേവനങ്ങളും 35,786 കിലോമീറ്റർ ഉയരത്തിലുള്ള ഉപഗ്രഹങ്ങളിൽനിന്നാണ് വരുന്നത്. ഇത് ലേറ്റൻസി അഥവാ ഉപയോക്താവിനും ഉപഗ്രഹത്തിനും ഇടയിലുള്ള റൗണ്ട്-ട്രിപ്പ് ഡാറ്റ സമയം ഉയർത്തുന്നുവെന്നാണ് സ്റ്റാർലിങ്ക് അവകാശപ്പെടുന്നത്. എന്നാൽ തങ്ങളുടെ ഉപഗ്രഹങ്ങൾ 550 കി.മീറ്റർ ഉയരത്തിൽ മാത്രമാണ് ഉള്ളതെന്നും അതുകൊണ്ട് അതിലൂടെയുള്ള ഇന്റർനെറ്റ് സേവനത്തിന് വളരെ വേഗം ഉണ്ടെന്നും സ്റ്റാർലിങ്ക് അവകാശപ്പെടുന്നു.
100 ഓളം രാജ്യങ്ങളിൽ ഇതിനോടകം സ്റ്റാർലിങ്ക് പ്രവർത്തിക്കുന്നുണ്ട്. തങ്ങളുടെ ഉപയോക്താക്കൾക്ക് സാധാരണയായി 25 നും 220 നും ഇടയിലുള്ള Mbsp ഡൗൺലോഡ് വേഗതയാണ് അനുഭവപ്പെടുന്നതെന്നാണ് സ്റ്റാർലിങ്ക് അവകാശപ്പെടുന്നത്. ഭൂരിപക്ഷം ഉപയോക്താക്കളും സെക്കന്റിൽ 100 എംബിയിൽ കൂടുതൽ വേഗത അനുഭവിക്കുന്നു എന്നും കമ്പനി പറയുന്നു. ലൊക്കേഷനും സർവീസ് പ്ലാനിനും അനുസരിച്ച് ഇതിൽ വ്യത്യാസം വന്നേക്കാം.
ലോകത്തിന്റെ ഏത് മുക്കിലും മൂലയിലും ഉയർന്ന വേഗമുള്ള ഇന്റർനെറ്റ് കിട്ടുമെന്ന് മാത്രമല്ല, ഭൂകമ്പമോ പ്രളയമോ ഏത് മഹാദുരന്തങ്ങൾ വന്നാലും ഇന്റർനെറ്റ് കണക്ഷൻ മുടങ്ങില്ല. ശത്രുരാജ്യമോ പ്രകൃതിക്ഷോഭമോ ആശയവിനിമയ അടിസ്ഥാന സൗകര്യങ്ങൾ തകർത്തെറിഞ്ഞാലും സാറ്റലൈറ്റ് ഇന്റർനെറ്റിന് ഒന്നും സംഭവിക്കില്ല എന്നുള്ള പ്രത്യേകതയുമുണ്ട്.