
സാന്റോ ഡൊമിങ്കോ: അവധിക്കാല ആഘോഷത്തിനായി ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെത്തി കാണാതായ ഇന്ത്യന്‍ വംശജയായ അമേരിക്കൻ വിദ്യാർഥിനി മുങ്ങി മരിച്ചതായി റിപ്പോർട്ട്. സുദീക്ഷ കൊണങ്കി എന്ന 20 കാരി മാർച്ച് 6 ന് സുഹൃത്തുക്കൾക്കൊപ്പം ബീച്ചിൽ നടക്കാനിറങ്ങിയപ്പോൾ മുങ്ങിപ്പോവുകയായിരുന്നു. 5 ദിവസം പിന്നിട്ടിട്ടും തിരച്ചിലിൽ കണ്ടുകിട്ടാതായതോടെയാണ് സുദീക്ഷ മുങ്ങിമരിച്ചുവെന്ന് പൊലീസിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ ആകില്ലെന്നാണ് യുവതി ഡൊമിനിക്കൻ റിപ്പബ്ലിക്ക് അധികൃതർ അറിയിച്ചത്.
അമേരിക്കയിലെ നിയമപരമായ സ്ഥിര താമസക്കാരിയും ഇന്ത്യന്‍ പൗരയുമായ സുദീക്ഷയെ മാര്‍ച്ച് 6 ന് പുറ്റ കാനയിലെ റിയു റിപ്പബ്ലിക്ക ഹോട്ടലിന്റെ കടല്‍ത്തീരത്തുവച്ചാണ് കാണാതായത്. ബീച്ചിൽ നടക്കാനിറങ്ങിയ സുദീക്ഷ മുങ്ങിപ്പോവുകയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വിശദമാക്കിയിട്ടുള്ളത്. രാത്രി ബിച്ചിൽ നടക്കാനിറങ്ങിയ എല്ലാവരും തിരികെ ഹോട്ടലിലേക്ക് എത്തിയിരുന്നു. 20 കാരിക്കൊപ്പം മറ്റൊരു വനിതാ സുഹൃത്ത് കൂടി ബീച്ചിൽ തുടർന്നിരുന്നു. ഇവർ രണ്ട് പേരും കടലിൽ കുളിക്കാനിറങ്ങിയപ്പോൾ സുദീക്ഷ വലിയൊരു തിരയിൽ പെട്ടുപോവുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്നയാൾ പൊലീസിനെ അറിയിച്ചത്. മാർച്ച് ആറിന് പുലർച്ചെ 4.15നാണ് അവസാനമായി സുദീക്ഷയെ ബീച്ചിലെ സിസിടിവികളിൽ കണ്ടെത്താൻ സാധിച്ചിട്ടുള്ളത്. പിറ്റ്സ്ബർഗ് സർവ്വകലാശാല വിദ്യാർത്ഥിനിയാണ് സുദീക്ഷ. ആറ് വനിതാ സുഹൃത്തുക്കൾക്കൊപ്പമാണ് പന്ത കാനയിലേക്ക് സുദീക്ഷ എത്തിയത്.
അതേസമയം മകളുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് പിതാവ് സുബ്ബറായഡു കൊണാങ്കി രംഗത്തെത്തി. മകളെ തട്ടിക്കൊണ്ടു പോയിരിക്കാം എന്ന ആശങ്കയാണ് അദ്ദേഹം പ്രകടിപ്പിച്ചത്. മാർച്ച് 6നു പുലർച്ചെ നാലു മണിക്ക് ഒരു പാർട്ടിക്കാണ് സുദിക്ഷയും സുഹൃത്തുക്കളും ബീച്ചിൽ പോയതെന്ന് അദ്ദേഹം പറയുന്നു. റിസോർട്ടിൽ പരിചയപ്പെട്ട ചില ചെറുപ്പക്കാരാണ് പാർട്ടി നടത്തിയത്. മനുഷ്യക്കടത്തു സാധ്യതയും പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.