ട്രംപ് ഭരണകൂടത്തെ ചുറ്റിച്ച സിഗ്‌നല്‍ ചാറ്റ് ചോര്‍ച്ച കേസ് അവസാനിപ്പിച്ച് വൈറ്റ് ഹൗസ്

വാഷിംഗ്ടണ്‍ : സിഗ്‌നല്‍ മെസേജിംഗ് ആപ്പില്‍ യെമന്‍ ആക്രമണ പദ്ധതികള്‍ ചോര്‍ന്നുവെന്ന കേസ് അവസാനിച്ചുവെന്ന് ഡോണാള്‍ഡ് ട്രംപ് ഭരണകൂടം തിങ്കളാഴ്ച അറിയിച്ചു. ഉഭയകക്ഷി വിമര്‍ശനങ്ങള്‍ ഉയരുകയും വൈറ്റ് ഹൗസിനുള്ളിലെ ഭിന്നതകള്‍ തുറന്നുകാട്ടുകയും ചെയ്ത സംഭവമായിരുന്നു ഇത്.

യമനിലെ ഹൂതികള്‍ക്കെതിരായ യുദ്ധ തന്ത്രങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അംഗങ്ങളായിരിക്കുന്ന സിഗ്‌നല്‍ ചാറ്റ് ഗ്രൂപ്പിലൂടെ പുറത്ത് വന്നതില്‍ തെറ്റ് പറ്റിയതായി ഏറ്റുപറഞ്ഞ് അമേരിക്കന്‍ ദേശീയ രഹസ്യാന്വേഷണ ഏജന്‍സി മേധാവി തുള്‍സി ഗബ്ബാര്‍ഡ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അമേരിക്കയിലെ ദി അറ്റ്ലാന്റിക് മാഗസിന്റെ എഡിറ്റര്‍ ജെഫ്രി ഗോള്‍ഡ് ബെര്‍ഗിനെ ഉള്‍പ്പെടുത്തിയ ഗ്രൂപ്പിലാണ് സൈനിക രഹസ്യങ്ങള്‍ പങ്കുവച്ചത്. ഇത് ബെര്‍ഗ് തന്നെയാണ് വെളിപ്പെടുത്തിയത്. ഇതോടെ വിവാദവും ഉയര്‍ന്നു.

സംഭവത്തിന്റെ ഉത്തരവാദിത്വം ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാട്സ് ഏറ്റെടുത്തിരുന്നു. മാധ്യമപ്രവര്‍ത്തകനെ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയതിന് ഉത്തരവാദികള്‍ തന്റെ ജീവനക്കാരല്ലെന്നും താനാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സംഭവം അത്ര ഗൗരവതരമല്ലെന്നായിരുന്നു പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പ്രതികരണം. വാട്സിന്റെ സഹായിയാണ് മാധ്യമപ്രവര്‍ത്തകരെ ഗ്രൂപ്പില്‍ ചേര്‍ത്തതെന്നും നല്ല മനുഷ്യനായ വാട്സ് ഒരു പാഠം പഠിച്ചെന്നും ട്രംപ് വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്ട്‌സിലുള്ള ഭരണകൂടത്തില്‍ വിശ്വാസമുണ്ടെന്ന് ആവര്‍ത്തിച്ചതും കേസ് അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചതും.

സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഭരണകൂടം കൃത്യമായി മുന്നോട്ട് പോകുന്നുണ്ടെന്നും ലീവിറ്റ് വിശദീകരിച്ചു. ”പ്രസിഡന്റ് വ്യക്തമാക്കിയതുപോലെ, മൈക്ക് വാള്‍ട്ട്‌സ് ദേശീയ സുരക്ഷാ സംഘത്തിലെ ഒരു പ്രധാന ഭാഗമാണ്, ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ കേസ് വൈറ്റ് ഹൗസില്‍ അവസാനിപ്പിച്ചിരിക്കുന്നു,” അവര്‍ പറഞ്ഞു.

More Stories from this section

family-dental
witywide