
ന്യൂയോര്‍ക്ക്: അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച വിഡിയോയുടെ പേരില്‍ വൈറ്റ് ഹൗസിന് വിമർശനം.
🎶"Na na na na, na na na na, hey hey, goodbye" @CBP pic.twitter.com/4bcfAxy2gz
— The White House (@WhiteHouse) April 6, 2025
ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ച വിഡിയോയുടെ പശ്ചാത്തലസംഗീതവുമായി ബന്ധപ്പെട്ടാണ് വിമര്‍ശനം. നാടുകടത്തപ്പെടുന്ന കുടിയേറ്റക്കാരുടെ വികാരങ്ങളെ മുറിപ്പെടുത്തുംവിധം അനുചിതമായ പ്രവര്‍ത്തിയാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായത് എന്നാണ് വിമര്‍ശനം.
യുകെ പോപ്പ് ഗ്രൂപ്പായ ‘ബനാനറാമ’യുടെ 1983-ലെ ഹിറ്റ് പാട്ടായ ‘കിസ്സ് ഹിം ഗുഡ്‌ബൈ’ എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് വൈറ്റ്ഹൗസ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. നാടുകടത്തുന്നതിനായി, കൈപിന്നില്‍ കെട്ടിച്ച് വരിവരിയായി നടത്തിക്കൊണ്ടുപോകുന്ന കുടിയേറ്റക്കാരെയാണ് വിഡിയോയില്‍ കാണാനാവുക. ‘നാ നാ നാ നാ.. ഹെയ് ഹെയ്.. ഗുഡ് ബൈ’ എന്ന വരികളാണ് വീഡിയോയിലുള്ളത്. ഇത് അങ്ങേയറ്റം വിവേകശൂന്യവും മനുഷ്യത്വരഹിതവുമായി പ്രവര്‍ത്തിയായിപ്പോയി എന്നാണ് സാമൂഹികമാധ്യമങ്ങളിലെ വിമര്‍ശനം.
നാടുകടത്തപ്പെടുന്ന മനുഷ്യരുടെ വികാരത്തെ കളിയാക്കുന്ന വിധത്തിലാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നതെന്നാണ് പ്രധാന ആക്ഷേപം. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ നയത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ അലയൊലികള്‍ ഇപ്പോഴും രാജ്യത്ത് അടങ്ങിയിട്ടില്ല. ഇതിനിടെയാണ് വൈറ്റ്ഹൗസിന്റെ ഔദ്യോഗിക സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെ ഇത്തരം വിഡിയോകളും പുറത്തിറങ്ങുന്നത്.
മനുഷ്യരുടെ വികാരങ്ങള്‍ക്ക് ഒരുവിലയും കല്‍പിക്കാത്ത പ്രസിഡന്റും ഉദ്യോഗസ്ഥരുമാണ് ഇന്ന് യുഎസിന്റെ തലപ്പത്തിരിക്കുന്നത് എന്ന തരത്തിലാണ് വിമര്‍ശനം ഉയരുന്നത്.
ഇത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നാണ് വിമര്‍ശകരുടെ ആക്ഷേപം. ഇതാദ്യമായല്ല വൈറ്റ്ഹൗസിന്റെ വിഡിയോകളും അവയുടെ പശ്ചാത്തലസംഗീതങ്ങളും വിമര്‍ശനത്തിന് പാത്രമാകുന്നത്. നാടുകടത്തപ്പെടുന്നവരുടെ ദൃശ്യങ്ങളുമായി വൈറ്റ്ഹൗസ് കഴിഞ്ഞ മാസം പുറത്തുവിട്ട വിഡിയോയുടെ പശ്ചാത്തലസംഗീതവും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സെമിസോണിക് ബാന്‍ഡിന്റെ ‘ക്ലോസിങ് ടൈം’ എന്ന ഗാനമായിരുന്നു അന്ന് പ്രതിഷേധത്തിന് വഴിവെച്ചത്.
White House post criticized for accompanying kissing him Goodbye song with video of migrants