ഇത്രയുമൊക്കെ കരുതിവെച്ചിരുന്നോ? രണ്ടാം വരവിലെ ‘ആദ്യ രാത്രി’ തന്നെ ലോകത്തെ ഞെട്ടിച്ച് ട്രംപ്! ലോകാരോഗ്യ സംഘടനയിൽ നിന്നടക്കം പിന്മാറി, ഒപ്പ് വെച്ചത് നിരവധി നിർണായക ഉത്തരവുകളിൽ

അമേരിക്കന്‍ പ്രസിഡന്റായി വീണ്ടും ചുമതലയേറ്റ ആദ്യ ദിവസം രാത്രി അവസാനിക്കും മുന്നേ നിരവധി കടുത്ത ഉത്തരവുകളുമായി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ഡോണള്‍ഡ് ട്രംപ്. ലോകാരോഗ്യസംഘടനയില്‍ നിന്നും പാരിസ് ഉടമ്പടിയില്‍ നിന്നും പിന്‍മാറി. ആദ്യ പ്രസംഗത്തില്‍ തന്നെ, അനധികൃത കുടിയേറ്റം അവസാനിപ്പിക്കാന്‍ അമേരിക്കന്‍–മെക്സിക്കന്‍ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ട്രംപ്, പാനമ കനാലിന്‍റെ നിയന്ത്രണം തിരിച്ചുപിടിക്കുമെന്ന് ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കി. ഗള്‍ഫ് ഓഫ് മെക്സിക്കോയുടെ പേര് മാറ്റുമെന്ന ട്രംപിന്റെ പ്രഖ്യാപനം പ്രാബല്യത്തിലായി. ബൈഡന്‍റെ കാലത്ത് എല്‍.ജി.ബി.ടി.ക്യു വിഭാഗങ്ങളോടുള്ള തുറന്ന സമീപനങ്ങളെ തള്ളിയ ട്രംപ്, അമേരിക്കയില്‍ ആണും പെണ്ണും എന്നിങ്ങനെ രണ്ട് വര്‍ഗം മാത്രമേയുള്ളൂവെന്ന് വ്യക്തമാക്കി.

ക്യൂബയെ ഭീകരരാഷ്ട്രപദവിയില്‍ നിന്ന് പിന്‍വലിക്കാനുള്ള തീരുമാനം റദ്ദാക്കുന്ന ഉത്തരവിലും ട്രംപ് ഒപ്പുവച്ചു. അതേസമയം, യുഎസില്‍ നിരോധനം ഏര്‍പ്പെടുത്തിയ ടിക് ടോക്കിന് നിയമപരമായി പ്രവര്‍ത്തിക്കാന്‍ ട്രംപ് 75ദിവസത്തെ സാവകാശം അനുവദിച്ചു. ടിക് ടോക് ഏറ്റെടുക്കാന്‍ അമേരിക്കയില്‍ നിന്ന് ഉടമസ്ഥനെ കണ്ടെത്തണമെന്നാണ് നിര്‍ദേശം. ചൈനയുടെ ഉടമസ്ഥതയില്‍ നിന്ന് മാറിയാല്‍ നിരോധനം പിന്‍വലിക്കുമെന്നും ട്രംപ്. അമേരിക്കയുടെ സുവര്‍ണകാലഘട്ടം തുടങ്ങിയെന്നാണ് സത്യപ്രതി‍ജ്ഞയ്ക്ക് പിന്നാലെയുള്ള പ്രസംഗത്തില്‍ ട്രംപ് പറഞ്ഞത്. അമേരിക്കയെ കൂടുതല്‍ മഹത്തരമാക്കും, നീതിപൂര്‍വമായ ഭരണം നടപ്പാക്കും. അമേരിക്കയുടെ വിമോചനദിനമാണിന്നെന്ന് അദ്ദേഹം പറഞ്ഞു. ബൈഡന്‍ ഭരണത്തെയും അദ്ദേഹം വിമര്‍ശിച്ചു.

യുഎസിന്റെ 47–ാം പ്രസിഡന്റായാണ് ഡോണൾഡ് ട്രംപ് അധികാരമേറ്റിരിക്കുന്നത്. പ്രസി‍ഡന്‍റ് പദത്തില്‍ ട്രംപിനിത് രണ്ടാമൂഴമാണ്. ക്യാപിറ്റൾ മന്ദിരത്തിലെ പ്രശസ്തമായ താഴികക്കുടത്തിനു താഴെയൊരുക്കിയ വേദിയിലാണു സത്യപ്രതിജ്ഞ നടന്നത്. വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ ട്രംപും. ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി 10.30നായിരുന്നു സത്യപ്രതിജ്ഞ. യുഎസ് മുൻ പ്രസിഡന്റ് ഏബ്രഹാം ലിങ്കന്റെയും തന്റെ മാതാവിന്റെയും ബൈബിളുകൾ കയ്യിലേന്തിയാണ് ട്രംപ് സത്യവാചകം ചൊല്ലിയത്. ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ്, വാൻസിന്റെ ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷ വാൻസ് എന്നിവരും വേദിയിലുണ്ടായിരുന്നു. വൈറ്റ് ഹൗസിലെത്തി ജോ ബൈഡന്റെയും ഭാര്യ ജിൽ ബൈഡന്റെയും ആതിഥേയത്വത്തിലുള്ള ചായ സൽക്കാരത്തിൽ പങ്കെടുത്തതിനുശേഷമാണ് ട്രംപ് സത്യപ്രതിജ്ഞാ വേദിയിലെത്തിയത്. വാഷിങ്ടൺ ഡിസിയിലെ സെന്റ് ജോൺസ് എപ്പിസ്കോപ്പൽ പള്ളിയിലെ കുർബാനയോടെയായിരുന്നു ചടങ്ങുകളുടെ തുടക്കം.

More Stories from this section

family-dental
witywide