
ഒരു ദശാബ്ദം മുമ്പ്, അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തെ പിന്തുണച്ചുകൊണ്ട്, അരവിന്ദ് കെജ്‌രിവാൾ എന്ന സാധാരണക്കാരൻ ഒരു പൊളിറ്റിക്കൽ ‘സ്റ്റാർട്ട്-അപ്പ്’ ആയി ആം ആദ്മി പാർട്ടി രൂപീകരിച്ചപ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ ആത്മവിശ്വാസവും പ്രത്യാശയും ഉണ്ടായിരുന്നു. പ്രതീക്ഷ നിർഭരമായ ആ പുതിയ രാഷ്ട്രീയ സ്റ്റാർട് അപ് ഇന്നു ഡൽഹിയിൽ അടച്ചുപൂട്ടിയെന്നു തന്നെ പറയാം. എന്താണ് ആം ആദ്മിക്ക് സംഭവിച്ചു. മുഖ്യമന്ത്രിയും മുൻ ഉപമുഖ്യമന്ത്രിയും തോറ്റു.
ഭരണവിരുദ്ധ വികാരം
2015 മുതൽ രാജ്യ തലസ്ഥാനത്തെ തങ്ങളുടെ പോപ്പിലിസ്റ്റ് നയങ്ങളിലൂടെ ജനങ്ങളെ കൈയിലെടുത്ത ആപ്പിൻ്റെ ആ വാഗ്ദാനങ്ങൾ ഇനിയും ജനങ്ങൾ സ്വീകരിക്കാൻ തയാറല്ല എന്ന് തോന്നിപ്പിക്കുന്ന വിജയമാണ് ബിജെപിയുടേത്. കാരണം ആപ് മുന്നോട്ടുവച്ച എല്ല സൌജന്യങ്ങളും ബിജെപിയും മുന്നോട്ടുവച്ചു. ബിജെപിയുടെ വാഗ്ദാനങ്ങൾ ജനം വിശ്വസിച്ചു.
വായുവിന്റെ ഗുണനിലവാരം ഉൾപ്പെടെയുള്ള ആപിൻ്റെ പൂർത്തീകരിക്കാത്ത വാഗ്ദാനങ്ങൾ ഡൽഹിക്കാരെ അലട്ടാൻ തുടങ്ങി. കേന്ദ്രത്തിലെ ബിജെപി സർക്കാർ തടസ്സങ്ങൾ സൃഷ്ടിക്കുകയാണെന്നആപ് വാദിച്ചു. എന്നാൽ വോട്ടർമാർ അത്തരം ആരോപണങ്ങളെ ഒഴികഴിവുകളായി കണ്ടു. കേന്ദ്രവുമായുള്ള ആപിൻ്റെ നിരന്തരമായ മത്സരത്തിന്റെ പശ്ചാത്തലത്തിൽ, ബിജെപിയുടെ ‘ഇരട്ട എഞ്ചിൻ’ വാഗ്ദാനം ജനങ്ങളെ ആകർഷിച്ചു.
ആപിൻ്റെ ഉള്ളിൽ തന്നെയുള്ള ഉൾപാർട്ടി പ്രശ്നങ്ങളും ജനങ്ങൾ വിലയിരുത്തി. സ്വാതി മഡിവാളിനെപോലെ ആപിൻ്റെ ബുദ്ധികേന്ദ്രമായിരുന്ന ആളുകളോട് കേജ്രിവാൾ അടക്കം എങ്ങനെ പെരുമാറിയെന്ന് ജനം നേരിട്ട് കണ്ടതാണ്.
കോൺഗ്രസ് ഫാക്ടർ
ഇന്ത്യ മുന്നണിയുടെ ഭാഗമായിരിക്കുമ്പോൾ തന്നെ കോൺഗ്രസ് ആപ്പിനെ പിന്തുണച്ചില്ല എന്നതു മാത്രമല്ല കോൺഗ്രസിൻ്റെ പ്രചാരണം ആം ആദ്മിയുടേയും കേജ്രിവാളിൻ്റെയും പ്രതിഛായയെ പ്രതികൂലമായി ബാധിച്ചു.
ബിജെപി പറഞ്ഞ ആരോപണങ്ങളെല്ലാം കോൺഗ്രസും ആവർത്തിച്ചതോടെ ജനം അക്കാര്യം വിശ്വസിച്ചു എന്നു കരുതാം വാഗൺ ആർ കാറിൽ വന്നിരുന്ന ഒരു സാധാരണക്കാരനായ കേജ്രിവാളിൽ നിന്ന് 45 കോടി രൂപയുടെ ആഡംബര ‘ഷീഷ് മഹൽ’ സ്വന്തമാക്കുന്നതിലേക്കുള്ള കെജ്‌രിവാളിന്റെ മാറ്റത്തെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പരാമർശം അത്തരമൊരു ഉദാഹരണമാണ്.
കോൺഗ്രസിൻ്റെ വോട്ട് ശതമാനം ഇത്തവണ കൂടിയിട്ടുണ്ട്. അതേ സമയം ആപ്പിന്റെ വോട്ട് ശതമാനം കുറയുകയും ചെയ്തു.
കെജ്‌രിവാൾ കോൺഗ്രസിന്റെ ആക്രമണങ്ങൾ ഏറെക്കുറെ തള്ളിക്കളഞ്ഞിരുന്നു. പകരം ബിജെപിയെ ആക്രമിക്കാനാണ് ആപ് ശ്രമിച്ചത്. ഡൽഹിയിൽ കോൺഗ്രസിനെ ഒരു ഭീഷണിയല്ലെന്ന് ആം ആദ്മി പാർട്ടി കണക്കാക്കിയിട്ടുണ്ടെങ്കിലും, ചരിത്രം സൂചിപ്പിക്കുന്നത് ആം ആദ്മിയുടെ ഉയർച്ച കോൺഗ്രസിന്റെ തകർച്ചയുമായി അടുത്ത ബന്ധമുള്ളതാണെന്നാണ്.
‘ശീഷ് മഹൽ’ വിവാദം
തിരഞ്ഞെടുപ്പിന് മുന്നോടിയായി, അരവിന്ദ് കെജ്‌രിവാളിനെതിരായ ബിജെപിയുടെ ആക്രമണം ‘ശീഷ് മഹൽ’ കേന്ദ്രീകരിച്ചായിരുന്നു. കെജ്‌രിവാൾ അധികാരത്തിലിരുന്നപ്പോൾ പുതുക്കിപ്പണിത മുഖ്യമന്ത്രിയുടെ വസതിയെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്ന ഒരു പദമാണ് ശീഷ് മഹൽ അല്ലവാ കണ്ണാടി മാളിക. ബിജെപിയുടെ ആരോപണങ്ങളെ ശരിവച്ചുകൊണ്ട് കൂടുതൽ തെളിവ് നൽകിയത് കംട്രോളർ ആൻഡ് ഓഡിറ്റർ ജനറലിൻ്റെ റിപ്പോർട്ടാണ്. സിഎജി അന്വേഷണത്തിൽ, വാർത്താ റിപ്പോർട്ടുകൾ പ്രകാരം, മുഖ്യമന്ത്രിയുടെ വസതി നവീകരണത്തിനുള്ള പ്രാഥമിക എസ്റ്റിമേറ്റ് 7.91 കോടി രൂപയായിരുന്നു. എന്നാൽ 2022 ൽ പൊതുമരാമത്ത് വകുപ്പ് ജോലി പൂർത്തിയാക്കിയപ്പോഴേക്കും ചെലവ് 33.66 കോടി രൂപയായി ഉയർന്നു. ടോയ്ലറ്റ് സീറ്റുകൾ പോലും സ്വർണംകൊണ്ടാണ് എന്ന ബിജെപി പ്രചാരണം നടത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ആഡംബരപൂർണ്ണമായ ജീവിതശൈലിയാണെന്നും പ്രധാനമന്ത്രിയുടെ വസതി കാണിക്കാൻ ബിജെപിയെ ധൈര്യമുണ്ടോ എന്ന് ആരോപിച്ച് ആപ് രംഗത്ത് എത്തിയെങ്കിലും അത് ജനം സ്വീകരിച്ചില്ല.
മദ്യനയം അഴിമതി
ഡൽഹിയിലെ ഇപ്പോൾ നിർത്തലാക്കിയ മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ ആംആദ്മി സർക്കാരിന്റെ നിലവിലെ ഭരണകാലത്ത് വലിയ കോലാഹലങ്ങൾ ഉണ്ടായി. അരവിന്ദ് കെജ്‌രിവാൾ സർക്കാർ ഡൽഹിയെ മദ്യപന്മാരുടെ നഗരമാക്കി മാറ്റിയതായി ബിജെപി ആരോപിച്ചു. മെച്ചപ്പെടുത്തി ഒരു വർഷത്തിനുള്ളിൽ അത് റദ്ദാക്കിയ മദ്യനയത്തിലെ ഒരു ആരോപണവും എഎപി നിരന്തരം നിഷേധിച്ചു.
കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോഡിയ, സഞ്ജയ് സിംഗ് എന്നിവരുൾപ്പെടെയുള്ള ഉന്നത നേതാക്കളെ അറസ്റ്റ് ചെയ്തു. സിസോദിയ അറസ്റ്റിലായതോടെ അദ്ദേഹം ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചു, ആം ആദ്മി പാർട്ടി മന്ത്രിസഭ പുനഃസംഘടിപ്പിക്കേണ്ടി വന്നു. തുടർന്ന് കെജ്‌രിവാൾ അറസ്റ്റിലായി അഞ്ച് മാസം ജയിലിൽ കിടന്നു. ഒന്നിലധികം ഉന്നത നേതാക്കളുടെ അറസ്റ്റ് മൂന്നാം ടേമിലുടനീളം എഎപിയെ വേട്ടയാടി. ഇതുമൂലം തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റുന്നതിലും നല്ല ഭരണം കാഴ്ച വയ്ക്കുന്നതിൽ നിന്നും ആപ്പിന്റെ ശ്രദ്ധ മാറിപ്പോയി. ആപ്പിന്റെ സമയവും എനർജിയും കേസിൻ്റെ പൊല്ലാപ്പുകൾക്കു പിന്നാലെയായി. അതൊരു ബിജെപി തന്ത്രമായിരുന്നു. ഗുജറാത്തിലും പഞ്ചാബിലും ഗോവയിലും ഹരിയാനയിലും സാന്നിധ്യം അറിയിച്ച ആപ്പിനെ അടിയോടെ വെട്ടാൻ ബിജെപി എന്ന ഇന്ത്യയിലെ ഏറ്റവും വലിയ പാർട്ടി തീരുമാനിച്ചു. അവർ അതു നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്.
Why Am Admi Party failed in New Delhi