
ന്യൂയോര്‍ക്ക്: മനുഷ്യവാസം തീരെയില്ലാത്ത ദ്വീപിനും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തീരുവ ചുമത്തിയതിനെ ന്യായീകരിച്ച് അമേരിക്ക. വിവിധ രാജ്യങ്ങള്‍ക്ക് ഏപ്രില്‍ രണ്ടിന് തിരിച്ചടി തീരുവ പ്രഖ്യാപിക്കുന്നതിനിടെയാണ് ട്രംപ് പെന്‍ഗ്വിനുകളും സീലുകളും താമസമാക്കിയ ദ്വീപിനും തീരുവ പ്രഖ്യാപിച്ചത്. കഴിഞ്ഞ ആഴ്ചയാണ് ഓസ്‌ട്രേലിയയില്‍ നിന്ന് 4000 കിലോമീറ്റര്‍ അകലെയുള്ള മക്‌ഡൊണാള്‍ഡ് ദ്വീപിന് അമേരിക്ക തീരുവ ചുമത്തിയത്.
മക്‌ഡൊണാള്‍ഡ് ദ്വീപുകള്‍ക്ക് നികുതി ചുമത്തിയ ട്രംപിനെതിരെ വ്യാപക വിമര്‍ശനം ഉയരുകയും സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയുകയും ചെയ്തിരുന്നു. തുടര്‍ന്ന് അമേരിക്കന്‍ സാമ്പത്തികകാര്യ സെക്രട്ടറി ഹവാര്‍ഡ് ലുട്‌നിക്കാണ് ന്യായീകരണവുമായി എത്തിയത്. അമേരിക്കയില്‍ എത്താന്‍ ദ്വീപ് മാര്‍ഗമാകാതിരിക്കാനാണ് മക്‌ഡൊണാള്‍ഡ് ദ്വീപിനും ഇറക്കുമതി തീരുവ ചുമത്തിയതെന്നാണ് സാമ്പത്തിക കാര്യ സെക്രട്ടറി പ്രതികരിച്ചത്.