
കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന് എവിടെയും കൊല്ലത്തെ ഇടത് എംഎൽഎയും നടനുമായ മുകേഷിനെ കാണാത്തത് എന്തുകൊണ്ട് എന്ന ചോദ്യം ഉയരുന്നു. മുകേഷ് എവിടെ എന്ന് നിങ്ങൾ അന്വേഷിച്ചാൽ മതിയെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ഇതേ കുറിച്ച് അറിയാൻ മാധ്യമ പ്രവർത്തകർ മുകേഷിനെ വിളിച്ചപ്പോൾ കിട്ടിയ മറുപടി ഇങ്ങനെയായിരുന്നു.
‘‘ഷൂട്ടിങ് കഴിയട്ടെ, എല്ലാത്തിനും മറുപടി പറയും. ഷൂട്ടിങ് കഴിഞ്ഞ് കൊല്ലത്ത് വരും. ഞാനൊരു ചെറിയ മനുഷ്യനാണ്. ഒരു പാവപ്പെട്ടവനെ ഉപദ്രവിക്കല്ലേ’’ – മുകേഷ് പറഞ്ഞു. പാർട്ടിയുടെ അപ്രഖ്യാപിത വിലക്ക് ഉണ്ടോയെന്ന ചോദ്യത്തിനും നാളെയാകട്ടെ എന്നായിരുന്നു മുകേഷിന്റെ മറുപടി.
മുകേഷ് എറണാകുളത്ത് ഷൂട്ടിങ്ങിലാണ്. കൊല്ലം എംഎല്‍എ എന്ന നിലയില്‍ മുഖ്യ സംഘാടകരില്‍ ഒരാള്‍ ആവേണ്ടയാളായിരുന്നു മുകേഷ്. സംസ്ഥാന സമ്മേളന പ്രതിനിധിയല്ലെങ്കിലും ഉദ്ഘാടന സെഷനില്‍ മുകേഷിനു പങ്കെടുക്കാമായിരുന്നു. എന്നാല്‍ ലൈംഗിക ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മുകേഷിനെ പാര്‍ട്ടി മാറ്റിനിര്‍ത്തിയിരിക്കുകയാണ് എന്നാണ് പിന്നണി സംസാരം. ഷൂട്ടിങ് തിരക്കിലായതിനാൽ മുകേഷ് സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് പാർട്ടിയെ നേരത്തെ അറിയിച്ചിരുന്നതായാണ് അദ്ദേഹവുമായി ബന്ധപ്പെട്ടവർ പറയുന്നത്. എന്നാൽ ഇക്കാര്യം കൊല്ലത്തെ സിപിഎം നേതാക്കൾ ആരും സ്ഥിരീകരിച്ചിട്ടില്ല.
Why Kollam MLA Mukesh not attending CPM State conference