
അതിരപ്പിള്ളി: അതിരപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായി. വഞ്ചികടവില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ രണ്ടുപേരാണ് തിങ്കളാഴ്ച രാത്രി ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആദിവാസി വിഭാഗത്തില്‍പ്പെട്ട, വാഴച്ചാല്‍ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് മരിച്ചത്.
ഇതോടെ 2 ദിവസത്തിനിടെ കാട്ടാന ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 3 ആയി.
വഞ്ചിക്കടവില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ താത്കാലിക കുടില്‍കെട്ടി താമസിക്കുകയായിരുന്ന കുടുംബങ്ങളില്‍പ്പെട്ടവരാണ് മരിച്ചത്. കാട്ടാനക്കൂട്ടം പാഞ്ഞടുത്തപ്പോള്‍ എല്ലാവരും ചിതറിയോടി. എന്നാല്‍ സതീഷും അംബികയും ആനയുടെ മുന്നില്‍ വീഴുപോവുകയായിരുന്നു. അംബികയുടെ മൃതദേഹം പുഴയില്‍ നിന്നും സതീഷിന്റേത് പാറപ്പുറത്തു നിന്നുമാണ് കണ്ടെത്തിയത്.
വിഷുവിന്റെ തലേ ദിവസം അതിരപ്പിള്ളി അടിച്ചില്‍തോട്ടിയില്‍ തേന്‍ ശേഖരിച്ച് മടങ്ങുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടിരുന്നു. അടിച്ചില്‍തൊട്ടി ഊരിലെ തമ്പാന്റെ മകന്‍ സെബാസ്റ്റ്യന്‍ ആണ് കൊല്ലപ്പെട്ടത്.
ഈ മാസം ആറാം തിയ്യതി പാലക്കാട് മുണ്ടൂരിലും കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടിരുന്നു. അമ്മയ്‌ക്കൊപ്പം കുടുംബവീട്ടിലേക്ക് പോവുന്നതിനിടെ കയറംക്കോട് സ്വദേശി അലന്‍ ആണ് മരിച്ചത്.