മലപ്പുറം: മലപ്പുറം ഊർങ്ങാട്ടിരിയിൽ കിണറ്റിൽ വീണ കാട്ടാനയെ 20 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷിച്ചു. ജെ സി ബി ഉപയോഗിച്ച് കിണർ ഇടിച്ച് നടത്തിയ രക്ഷാ പ്രവർത്തനമാണ് വിജയം കണ്ടത്. പുലർച്ചെ കിണറ്റിൽ വീണ ആന, രാത്രി പത്തരയോടെയാണ് കരകയറിയത്. കിണറ്റിൽ നിന്ന് പുറത്തേക്ക് കയറിയ ആന, തോട്ടത്തിലേക്ക് കയറിപോയി. പടക്കം പൊട്ടിച്ചും മറ്റും ആനയെ ഉള്‍വനത്തിലേക്ക് കയറ്റാനുള്ള ശ്രമം തുടരുകയാണ്. വനംവകുപ്പ് ഉദ്ദേശിച്ച സ്ഥലത്തുകൂടെയാണ് ആന പോകുന്നതെന്ന് ഉദ്യോഗസ്ഥർ വിവരിച്ചു.
കിണറിന്‍റെ ഒരു ഭാഗം പൊളിച്ചതിനാൽ പുതിയൊരു കിണർ നിർമിക്കുന്നതിന് വേണ്ടി ഒന്നരലക്ഷം രൂപ നഷ്ടപരിഹാരമായി സ്ഥലത്തിന്റെ ഉടമസ്ഥൻ സണ്ണിക്ക് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. പ്രശ്നം പൂർണ്ണമായി പരിഹരിക്കുന്നത് വരെ വനംവകുപ്പ് അധികൃതർ സ്ഥലത്തുണ്ടാകുമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്.
വനത്തിലേക്ക് കയറ്റിവിടുന്ന ആന സ്വാഭാവികമായും വനാതിർത്തികളിലായിരിക്കും ഉണ്ടാകുക. ആനക്കൂട്ടത്തെ വനത്തിനകത്തേക്ക് തുരത്താൻ നാളെ കുങ്കിയാനകളെ എത്തിക്കും. കാർഷകരായ പ്രദേശവാസികൾ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി നാളെ ജില്ലാ കളക്ടറുട നേതൃത്വത്തിൽ രാവിലെ 9 മണിക്ക് ചർച്ച നടത്താനും ധാരണയായിട്ടുണ്ട്.