ലോസാഞ്ചലസ്: ലോസാഞ്ചലസിൽ ചൊവ്വാഴ്ചമുതൽ പടരുന്ന കാട്ടുതീയിൽ 5പേർ മരിച്ചു. അഗ്നിരക്ഷാസേനാംഗങ്ങളുൾപ്പെടെ ഒട്ടേറെപ്പേർക്ക് ഗുരുതര പൊള്ളലേറ്റു. വീടുകളുൾപ്പെടെ ആയിരത്തിലേറെ കെട്ടിടങ്ങൾ കത്തിനശിച്ചു. നിരവധി കാറുകളും കത്തിനിശിച്ചു.
2.2 ലക്ഷം വീടുകളിൽ വൈദ്യുതിനിലച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഒന്നരലക്ഷത്തോളം പേരെ ഒഴിപ്പിച്ചു. കാലിഫോർണിയ സംസ്ഥാനത്ത് ഗവർണർ ഗാവിൻ ന്യൂസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒട്ടേറെ ഹോളിവുഡ് താരങ്ങൾ പാർക്കുന്ന പസഫിക് പാലിസേഡ്സിലാണ് കാട്ടുതീ രൂക്ഷമായത്. വീട്ടുകാരെ ഒഴിപ്പിക്കാനായെന്നും വീടു കത്തിപ്പോയിട്ടുണ്ടാകാമെന്നും ഹോളിവുഡ് നടൻ ജെയിംസ് വുഡ്സ് ‘എക്സി’ൽ കുറിച്ചു. പാലിസേഡ്‌സിലെ തീപിടുത്തത്തിൽ ഹോളിവുഡ് ഇതിഹാസം വിൽ റോജേഴ്‌സിന്റെ ചരിത്രപ്രസിദ്ധമായ റാഞ്ച് ഹൗസ് കത്തിനശിച്ചു.
സാന്റാ മോനിക്ക, മലീബു പട്ടണങ്ങൾക്കിടയിലുള്ള പ്രദേശമായ പസഫിക് പാലിസേഡ്സിൽ 5000 ഏക്കറിലേറെ പ്രദേശത്ത് തീപടർന്നു. പസഡേനയ്ക്ക് സമീപവും സാൻ ഫെർണാണ്ടോ വാലിയിലെ സിൽമറിലുമുൾപ്പെടെ പലപ്രദേശങ്ങളിലും കാട്ടുതീ പിടിച്ചിട്ടുണ്ട്.
പസഫിക് കോസ്റ്റ് ഹൈവേയിലെ മാലിബുവിലെ ഒരു ഐക്കോണിക് സീഫുഡ് ഷാക്കും മത്സ്യ മാർക്കറ്റും കത്തിനശിച്ചു.
മഴയില്ലായ്മയും വരണ്ട കാലാവസ്ഥയും ഉണക്കമരങ്ങളുമാണ് തീപടരാൻ കാരണം. വരണ്ടകാറ്റിന് സാധ്യതയുള്ളതിനാൽ സ്ഥിതിരൂക്ഷമാകുമെന്ന് ലോസ് ആഞ്ജലിസ് മേയർ കാരെൻ ബാസ് മുന്നറിയിപ്പുനൽകിയിരുന്നു. അമൂല്യമായ കലാസൃഷ്ടികൾ സൂക്ഷിച്ചിട്ടുള്ള മ്യൂസിയമായ ഗെറ്റി വില്ലയ്ക്കുസമീപം മരങ്ങൾ കത്തിവീണു. സമീപത്തെ കുറ്റിക്കാടുതെളിച്ച് തീ ഇവിടേക്കു പടരുന്നത് തടഞ്ഞെന്നും കലാസൃഷ്ടികൾ സുരക്ഷതമാണെന്നും മ്യൂസിയം അധികൃതർ പറഞ്ഞു.
കാട്ടുതീയിൽ നിന്നുള്ള പുക ഹൃദയാഘാതത്തിനും ആസ്ത്മ വഷളാകുന്നതിനും കാരണമാകും. തണുപ്പു കാലത്തെ പനി സീസൺ കാരണം ആശുപത്രികൾ ഇതിനകം നിറഞ്ഞിരിക്കുകയാണ്. കാട്ടു തീയുടെ പുക ശ്വസിച്ച് ബുദ്ധിമുട്ടുന്ന രോഗികൾ എമർജൻസി റൂമുകളിൽ നിറയുന്നു എന്നാണ് ലോസ് ഏഞ്ചൽസ് കൗണ്ടി ഫയർ ഡിപ്പാർട്ട്‌മെന്റിന്റെ അസിസ്റ്റന്റ് മെഡിക്കൽ ഡയറക്ടർ ഡോ. പുനീത് ഗുപ്ത പറഞ്ഞു.
“നിരവധി ആശുപത്രികൾ ഭീഷണി നേരിടുന്നു, അവ ഒഴിപ്പിക്കേണ്ടിവന്നാൽ അത് ഒരു പ്രതിസന്ധിയായി മാറിയേക്കാം,” അമേരിക്കൻ കോളജ് ഓഫ് എമർജൻസി ഫിസിഷ്യൻസിന്റെ വക്താവ് കൂടിയായ ഗുപ്ത പറഞ്ഞു.
അതേസമയം, ടെക്സസ്, ഒക്‌ലഹോമ, ആർക്കൻസോ എന്നീ സംസ്ഥാനങ്ങളുടെ പലഭാഗങ്ങളിലും ബുധനാഴ്ച രാത്രിമുതൽ ശീതക്കാറ്റും മഞ്ഞുവീഴ്ചയും മഴയുമുണ്ടാകുമെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പുണ്ട്.
Wildfire at Los Angeles kills 5