ന്യൂഡല്‍ഹി: അമേരിക്കയിലെ ലോസ് ഏഞ്ചല്‍സിനെ വിഴുങ്ങുന്ന തീ നാളങ്ങള്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുന്നു. മരണ സംഖ്യ പത്തിലേക്ക് ഉയര്‍ന്നു.
ഒരു അണുബോംബ് വര്‍ഷിച്ചതുപോലെയുള്ള നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്ന് ലോസ് ഏഞ്ചല്‍സ് കൗണ്ടി ഷെരീഫ് റോബര്‍ട്ട് ലൂണ പറഞ്ഞു.
ലോസ് ഏഞ്ചല്‍സിലെ വെസ്റ്റ് ഹില്‍സ് പരിസരത്ത് വ്യാഴാഴ്ച വൈകുന്നേരം ഒരു പുതിയ തീപിടുത്തം ഉണ്ടായതായും മണിക്കൂറുകള്‍ക്കുള്ളില്‍ 900 ഏക്കറിലധികം കത്തിച്ചാമ്പലായെന്നും റിപ്പോര്‍ട്ടുണ്ട്. ആയിരക്കണക്കിന് കെട്ടിടങ്ങള്‍ നശിച്ചു. പ്രാണഭയത്തോടെ ആളുകള്‍ രക്ഷതേടി പായുകയാണ്. ഒന്നിലധികം കാട്ടുതീകള്‍ നിയന്ത്രണ വിധേയമാക്കാന്‍ തെക്കന്‍ കാലിഫോര്‍ണിയയിലുടനീളം അഗ്‌നിശമന സേനാംഗങ്ങള്‍ നന്നേ പണിപ്പെടുന്നുണ്ട്.
ഇതുവരെ മുപ്പതിനായിരം ഏക്കറിലധികം കത്തിനശിച്ചിട്ടുണ്ട്. പതിനായിരക്കണക്കിന് ആളുകള്‍ മറ്റിടങ്ങളില്‍ അഭയം തേടി. പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ സഹായിക്കാന്‍ കാലിഫോര്‍ണിയയുടെ നാഷണല്‍ ഗാര്‍ഡിനെ വിന്യസിച്ചിട്ടുണ്ട്.
കലിഫോര്‍ണിയയില്‍ ആറിടത്താണ് തീ പടര്‍ന്ന് പിടിച്ചത്. സാന്റാമോണിക്കയ്ക്കും മാലിബുവിനും ഇടയില്‍ പാലിസാഡസിലുണ്ടായ തീപിടിത്തത്തില്‍ 15,000 ഏക്കറോളമാണ് കത്തിനശിച്ചത്. ഇവിടെ ഒരു ശതമാനം പോലും തീ അണയ്ക്കാനായിട്ടില്ല.