ന്യൂഡല്‍ഹി: യുഎസിലെ ലോസ് ഏഞ്ചല്‍സില്‍ പടരുന്ന കാട്ടുതീ വരും ദിവസങ്ങളില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുമെന്ന് അധികാരികള്‍ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ആഴ്ച ആരംഭിച്ച കാട്ടുതീയില്‍ ഇതുവരെ പതിനാറ് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
120 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റ് വരും ദിവസങ്ങളില്‍ പ്രവചിക്കപ്പെടുന്നു. ഇന്ന് രാത്രിയും പിന്നീട് തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെയും കാറ്റ് ശക്തമാകുമെന്നതാണ് തങ്ങളുടെ ആശങ്കയെന്ന് ഒരു കാലാവസ്ഥാ നിരീക്ഷകനെ ഉദ്ധരിച്ച് ലോസ് ഏഞ്ചല്‍സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
12,000-ത്തിലധികം കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ കത്തിനശിക്കുകയോ ചെയ്തിട്ടുണ്ട്.
കൂടുതല്‍ ആളുകളെ ഒഴിപ്പിക്കാന്‍ അധികൃതര്‍ ശനിയാഴ്ച ഉത്തരവിട്ടു. പാലിസേഡ്‌സില്‍ പടരുന്ന തീ 22,600 ഏക്കര്‍ ചാമ്പലാക്കി. ഇവിടെ 11 ശതമാനം മാത്രമേ നിയന്ത്രണവിധേയമാക്കിയിട്ടുള്ളൂ. അതേസമയം അല്‍തഡീന പ്രദേശത്തെ ബാധിച്ച തീപിടുത്തം 14,000 ഏക്കര്‍ വിഴുങ്ങി. ഇവിടെ 15 ശതമാനം മാത്രമാണ് നിയന്ത്രണവിധേയമാക്കിയത്.
അതിനിടെ പ്രാരംഭ അഗ്‌നിശമന ശ്രമങ്ങള്‍ക്കിടെ ജലക്ഷാമം ഉണ്ടായതിനെക്കുറിച്ചുള്ള ആശങ്കകള്‍ പ്രതിഷേധത്തിന് കാരണമായി. പൊതുജനങ്ങളുടെ നിരാശ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം സംസ്ഥാനത്തിന്റെ തയ്യാറെടുപ്പും പ്രതികരണവും സ്വതന്ത്രമായി അവലോകനം ചെയ്യാന്‍ ഉത്തരവിട്ടു.
കാട്ടുതീയുടെ കാരണം കണ്ടെത്താാന്‍ ഒരു ഫെഡറല്‍ അന്വേഷണം നടക്കുന്നുണ്ട്. സ്വാഭാവിക ഘടകങ്ങള്‍ പലപ്പോഴും ഇത്തരം തീപിടുത്തങ്ങള്‍ക്ക് കാരണമാകുമെങ്കിലും, മനുഷ്യന്റെ ചില ഇടപെടലുകളും തള്ളിക്കളയാനാവില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാനഡയും മെക്സിക്കോയും കാലിഫോര്‍ണിയയിലെ രക്ഷാപ്രവര്‍ത്തനത്തിലും അഗ്‌നിശമന പ്രവര്‍ത്തനങ്ങളിലും പങ്കുചേര്‍ന്നിട്ടുണ്ട്. മെക്സിക്കോയില്‍ നിന്നുള്ള 14,000-ത്തിലധികം അഗ്‌നിശമന സേനാംഗങ്ങള്‍ യുഎസ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.