
ഡൽഹി: കാനഡയുടെ പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട മാർക്ക് കാർണിയുടെ വിജയത്തിൽ ഇന്ത്യയുടെ അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി മോദി. മാർക്ക് കാർണിക്കും ലിബറൽ പാർട്ടിക്കും അഭിനന്ദനങ്ങൾ എന്നാണ് മോദി എക്സിൽ കുറിച്ചത്. ഇരുരാജ്യങ്ങളും തമ്മിൽ സഹകരിച്ച് പ്രവർത്തിക്കാമെന്ന സന്ദേശം കൂടിയാണ് മോദി പങ്കുവച്ചത്. പൊതുവായ ജനാധിപത്യ മൂല്യങ്ങൾ, നിയമവാഴ്ചയോടുള്ള ഉറച്ച പ്രതിബദ്ധത, ജനങ്ങൾ തമ്മിലുള്ള ഊർജ്ജസ്വലമായ ബന്ധം എന്നീ കാര്യങ്ങളിലടക്കം ഇന്ത്യയും കാനഡയും തമ്മിൽ ബന്ധപ്പെട്ടുകിടക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും നമ്മുടെ ജനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ തുറക്കുന്നതിനും കാർണിയുമായി ഒന്നിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും മോദി കുറിച്ചു.
ട്രംപ് വിരുദ്ധ വികാരം ആഞ്ഞടിച്ച കനേഡിയൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മികച്ച വിജയത്തോടെയാണ് കാർണിയുടെ ലിബറൽ പാർട്ടി അധികാരം നിലനിർത്തിയത്. ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയായി കഴിഞ്ഞ മാർച്ചിൽ അധികാരത്തിൽ എത്തിയ മാർക്ക് കാർണി പ്രധാനമന്ത്രി സ്ഥാനവും നിലനിർത്തി. 43 ശതമാനം വോട്ടുനേടിയാണ് കാർണിയുടെ അധികാരത്തുടർച്ച. 343 അംഗ കനേഡിയൻ പാർലമെന്റിൽ ഭൂരിപക്ഷത്തിന് വേണ്ടത് 172 സീറ്റുകളാണ്. 165 സീറ്റുകൾ നേടിയാണ് ലിബറൽ പാർട്ടി അധികാരത്തിലേറുന്നത്. കേവല ഭൂരിപക്ഷത്തിന് ഏതാനും സീറ്റുകൾ കുറവ് ഉണ്ടെങ്കിലും മാർക്ക് കാർണിക്ക് അതൊരു വെല്ലുവിളിയല്ല.