
ഡൽഹി: മാസപ്പടി കേസിലെ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹര്‍ജിയില്‍ അന്വേഷണ ഏജൻസിക്കും കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിനും നോട്ടീസ് നൽകി ഡൽഹി ഹൈക്കോടതി. ഹര്‍ജിയില്‍ ഏപ്രില്‍ ഒന്‍പതിന് അന്തിമ വാദം കേള്‍ക്കും. എസ്എഫ്‌ഐഒ അന്വേഷണ റിപ്പോര്‍ട്ടിലെ തുടര്‍ നടപടികള്‍ തടയണമെന്നതിലും വാദം കേള്‍ക്കും.
കഴിഞ്ഞ ദിവസമാണ് മാസപ്പടി കേസിലെ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നും കേസിൽ വ്യക്തത വരുത്താൻ കേന്ദ്രം ഇടപെടണമെന്നും ആവശ്യപ്പെട്ട് സിഎംആർഎൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. കുറ്റപത്രം നല്‍കിയ സാഹചര്യത്തില്‍ ഹര്‍ജി എങ്ങനെ നിലനില്‍ക്കുമെന്ന് ഹൈക്കോടതി ചോദിച്ചു.
കേസുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒ അന്തിമ അന്വേഷണ റിപ്പോർട്ട് നൽകിയോയെന്ന് അറിയിക്കണം എന്ന് സിഎംആർഎൽ ഹർജിയിൽ പറയുന്നു. കമ്പനികാര്യ മന്ത്രാലയം പ്രോസിക്യൂഷൻ അനുമതി നൽകിയോ എന്നതിലും വ്യക്തത വരുത്തണം. ഇതിന് കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്നും സിഎംആർഎൽ ഹർജിയിൽ ആവശ്യപ്പെടുന്നു.