വാഷിംഗ്ടണ്‍: ഏകദേശം 170 ദശലക്ഷം ഉപയോക്താക്കളാണ് അമേരിക്കയില്‍ ടിക്‌ടോകിനുള്ളത്. അമേരിക്കയില്‍ നിരോധനം നേരിടാനൊരുങ്ങുന്ന ടിക് ടോകിന്റെ ഭാവി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ കയ്യിലാണുള്ളത്.
സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ബൈഡന്‍ പടിയിറങ്ങുന്നതിനു തൊട്ടുമുമ്പ് ജനുവരി 19 മുതല്‍ ടിക് ടോകിന് നിരോധനം വന്നെങ്കിലും തൊട്ടടുത്ത ദിവസം അധികാരത്തിലേറിയ ട്രംപ് നിയമം നടപ്പിലാക്കുന്നത് 75 ദിവസം വൈകിപ്പിക്കാന്‍ ആവശ്യപ്പെടുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ചു. ഇതോടെ യുഎസില്‍ ടിക് ടോകിന് വീണ്ടും ജീവന്‍ വെച്ചു. എന്നാലിത് താത്ക്കാലികം മാത്രമാണ്. ടിക് ടോക്കിന്റെ ചൈനീസ് ഉടമയായ ബൈറ്റ്ഡാന്‍സിനോട് ദേശീയ സുരക്ഷാ കാരണങ്ങളാല്‍ യുഎസില്‍ പ്രവര്‍ത്തിക്കാനാവില്ലെന്നും അതിനാല്‍ യുഎസില്‍ വില്‍ക്കുകയോ നിരോധനം നേരിടുകയോ ചെയ്യണമെന്നുമാണ് നിയമം അനുശാസിക്കുന്നത്.
ഇപ്പോഴിതാ യുഎസ് ട്രഷറി, കൊമേഴ്സ് വകുപ്പുകളോട് ഒരു സോവറിന്‍ വെല്‍ത്ത് ഫണ്ട് സൃഷ്ടിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ട്രംപ് തിങ്കളാഴ്ച ഒരു എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ചു. അതിലൂടെ ടിക് ടോക്ക് വാങ്ങാമെന്നാണ് ട്രംപ് പറയുന്നത്.
ടിക് ടോക്കിന്റെ വാങ്ങലിനെക്കുറിച്ച് ഒന്നിലധികം ആളുകളുമായി ചര്‍ച്ച നടത്തിവരികയാണെന്നും ഫെബ്രുവരിയില്‍ ജനപ്രിയ ആപ്പിന്റെ ഭാവിയെക്കുറിച്ച് തീരുമാനമെടുക്കുമെന്നും ട്രംപ് പറയുന്നു.