വോട്ടെണ്ണല്‍ തുടങ്ങാന്‍ അല്പസമയം മാത്രം, രാജ്യ തലസ്ഥാനം അതീവ ജാഗ്രതയില്‍; ത്രിതല സുരക്ഷ

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിക്കാന്‍ ഇനി രണ്ടുമണിക്കൂറുകള്‍പോലും തികച്ചില്ല. രാവിലെ 8 ന് ആരംഭിക്കുന്ന വോട്ടെണ്ണല്‍ സുഗമവും സുതാര്യവുമാക്കാന്‍ അതീവ ജാഗ്രതയോടെയും സുരക്ഷയൊരുക്കിയും അധികൃതര്‍ കാത്തിരിക്കുന്നു. ഡല്‍ഹിയിലുടനീളം 19 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഓരോ കേന്ദ്രത്തിലേക്കും എഡിസിപിമാരെ നിയോഗിച്ചിട്ടുണ്ടെന്നും സ്‌പെഷ്യല്‍ പൊലീസ് കമ്മീഷണറും (സിപി) സംസ്ഥാന പൊലീസ് നോഡല്‍ ഓഫീസറുമായ (എസ്പിഎന്‍ഒ) ദേവേഷ് ചന്ദ്ര ശ്രീവാസ്തവ അറിയിച്ചു. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സിഎപിഎഫിന്റെ 38 കമ്പനികളെ വിന്യസിച്ചിട്ടുണ്ട്.

ഒരു സ്‌ട്രോങ്ങ് റൂമും ഒരു കൗണ്ടിംഗ് ഹാളും ഉള്‍പ്പെടുന്ന ഒരു മള്‍ട്ടി-ലെയര്‍ സുരക്ഷാ ക്രമീകരണമാണ് നിലവിലുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി, സെന്‍ട്രല്‍ ആം പൊലീസ് ഫോഴ്സ് സുരക്ഷയൊരുക്കും.

അതേസമയം ലോക്കല്‍ പൊലീസ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ പരിസരവും ആദ്യ പ്രവേശന പോയിന്റും സുരക്ഷിത വലയത്തിലാക്കിയിട്ടുണ്ട്. ഓരോ കൗണ്ടിംഗ് സെന്ററില്‍ നിന്നും 100 മീറ്റര്‍ അകലെ ബാരിക്കേഡുകള്‍ സ്ഥാപിക്കും. മാത്രമല്ല, കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം അംഗീകൃത വ്യക്തികള്‍ക്ക് മാത്രമേ പ്രവേശിക്കാന്‍ അനുമതിയുള്ളൂ. കര്‍ശനമായ ജാഗ്രത പാലിക്കുന്നതിനായി വിപുലമായ സുരക്ഷാ സ്‌ക്രീനിംഗ് ഉപകരണങ്ങളും ഉദ്യോഗസ്ഥരുടെ സഹായത്തിനായുണ്ട്. ഇതിനായി എല്ലാ കൗണ്ടിംഗ് സെന്ററുകളിലും ഫ്രെയിം മെറ്റല്‍ ഡിറ്റക്ടറുകള്‍, ഹാന്‍ഡ്-ഹെല്‍ഡ് മെറ്റല്‍ ഡിറ്റക്ടറുകള്‍, എക്‌സ്-റേ ബാഗേജ് സ്‌കാനറുകള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

ചീഫ് ഇലക്ടറല്‍ ഓഫീസറില്‍ നിന്ന് പാസ് ലഭിച്ചവര്‍ക്ക് പ്രവേശിക്കാന്‍ അനുവാദമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള അംഗീകൃത വ്യക്തികള്‍ക്ക് പോലും മൊബൈല്‍ ഫോണുകള്‍ കൊണ്ടുപോകാന്‍ അനുവാദമില്ല.

ത്രിതല സുരക്ഷ മുഴുവന്‍ സമയവും സജ്ജമാണെന്നും, ഏറ്റവും അകത്തെ ഇടങ്ങളില്‍ കേന്ദ്ര സായുധ അര്‍ദ്ധസൈനിക സേന (CAPF) കാവല്‍ നില്‍ക്കുന്നു, ഏറ്റവും പുറത്തെ പ്രദേശത്ത് സംസ്ഥാന സായുധ പൊലീസാണ്, സ്‌ട്രോംഗ് റൂമുകളുടെയും ഇടനാഴികളുടെയും സീല്‍ ചെയ്ത വാതിലുകള്‍ മുഴുവന്‍ സമയവും സിസിടിവി ക്യാമറകളില്‍ തുടര്‍ച്ചയായി നിരീക്ഷിക്കുന്നുണ്ടെന്നും ഡല്‍ഹി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ആര്‍ ആലീസ് വാസ് പറഞ്ഞു. ഡബിള്‍ ലോക്ക് സംവിധാനമുള്ള സ്‌ട്രോംഗ് റൂമുകളിലേക്ക് ഒരു പ്രവേശിക്കാനും തിരിച്ച് ഇറങ്ങാനും ഒരു വാതില്‍ മാത്രമേയുള്ളൂ.

സ്‌ട്രോംഗ് റൂമുകള്‍ തുറക്കുമ്പോഴും അടയ്ക്കുമ്പോഴും വീഡിയോ പകര്‍ത്തണം. കൂടാതെ വിഐപികളും ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള ഏതെങ്കിലും വാഹനങ്ങളുടെ പ്രവേശനവും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide