
ദുബായ്: യുഎഇയിൽ വധശിക്ഷയ്ക്ക് വിധേയയായ യുപി സ്വദേശി ഷഹ്സാദി ഖാന്‍റെ സംസ്കാരം നാളെ. വധശിക്ഷ നടപ്പാക്കിയ ഉടൻ ഇന്ത്യയെ യുഎഇ ഇക്കാര്യം അറിയിക്കാത്തിൽ വിദേശകാര്യ മന്ത്രാലയത്തിന് കടുത്ത അമർഷമുണ്ട്. വധശിക്ഷ നടപ്പാക്കിയ ശേഷവും നിയമസഹായം തുടരുന്നു എന്ന മറുപടിയാണ് കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയിൽ നൽകിയിരുന്നത്.
യുഎഇയിൽ ഷഹ്സാദി ഖാന്‍റെ വധശിക്ഷ നടപ്പാക്കിയതിൽ ഇന്ത്യ കടുത്ത അമര്‍ഷത്തിലാണ്. വധശിക്ഷ നടപ്പാക്കി 12 ദിവസത്തിനു ശേഷമാണ് ഇന്ത്യയെ ഇക്കാര്യം യുഎഇ അറിയിച്ചത്. യുപിയിലെ ബാൻഡ സ്വദേശി ഷഹ്സാദി ഖാൻ്റെ വധിശിക്ഷ യുഎഇ നടപ്പാക്കിയത് കഴിഞ്ഞ മാസം പതിനഞ്ചിന് തന്നെ നടപ്പാക്കിയിരുന്നു. എന്നാൽ ഇന്ത്യയെ ഇക്കാര്യം അറിയിച്ചത് 28നാണെന്ന് വിദേശകാര്യമന്ത്രാലയം ഹൈക്കോടതിയിൽ വ്യക്തമാക്കി.
24 മണിക്കൂറിനുള്ളിൽ തൻ്റെ വധശിക്ഷ നടപ്പാക്കുമെന്ന് ഷെഹ്സാദി ഖാൻ വീട്ടുകാരെ ടെലിഫോൺ വിളിച്ച് അറിയിച്ചിരുന്നു. അവസാന ആഗ്രഹം എന്ന നിലയ്ക്കാണ് ഈ ഫോൺവിളിക്ക് യുഎഇ അനുമതി നൽകിയത് എന്നാണ് സൂചന. ഷഹ്സാദിയുടെ പിതാവ് ഈ വിവരം ഉടൻ കേന്ദ്ര സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ അബുദാബിയിലെ ഇന്ത്യൻ എംബസിക്ക് കിട്ടിയ വിവരം വധശിക്ഷ നടപ്പാക്കിയില്ല എന്നായിരുന്നു. ഇതോടെ നിയമസഹായത്തിനുള്ള നടപടികൾ എംബസി തുടരുകയും ചെയ്തു.