
വത്തിക്കാൻ സിറ്റി: പ്രാർത്ഥനയോടെ ലോകം വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പക്ക് വിടനല്‍കി. വത്തിക്കാനിൽ നിന്ന് നാല് കിലോമീറ്റർ അകലെയുള്ള സെന്റ് മേരി മേജർ ബസിലിക്കയിൽ പാപ്പയുടെ ഭൗതികശരീരം സംസ്കരിച്ചു. ലക്ഷക്കണക്കിന് മനുഷ്യർ ഒഴുകിയെത്തിയ സംസ്കാര ചടങ്ങുകൾ വത്തിക്കാനെ അക്ഷരാർത്ഥത്തിൽ കണ്ണീർ കടലാക്കി. വിശ്വാസികളെ തനിച്ചാക്കി വലിയ ഇടയൻ യാത്രമൊഴി ഏറ്റുവാങ്ങി നിത്യവിശ്രമത്തിലേക്ക് കടന്നപ്പോൾ കണ്ണീർ തോരാത്ത അവസ്ഥയിലാണ് ലോകം.
സംസ്‌കാരച്ചടങ്ങുകള്‍ മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ സാന്താ മരിയ മാര്‍ജറി ബസിലിക്കയിലാണ് നടന്നത്. പൊതുദര്‍ശനം പ്രാദേശിക സമയം എട്ട് മണിയോടെ അവസാനിച്ചിരുന്നു. സെയ്ന്റ് പീറ്റേഴ്സ് ബസിലിക്കയില്‍നിന്ന് വിലാപയാത്രയുമായി മൃതദേഹം സാന്താമരിയ മാര്‍ജറി ബസിലിക്കയിലേക്ക് എത്തിച്ചു. വലിയ ഇടയനെ അവസാനമായി കാണാൻ ചത്വരത്തിലേക്ക് ജനസാഗരമാണ് ഒഴുകിയെത്തിയത്. അനിയന്ത്രിതമായ തിരക്ക് കണക്കിലെടുത്തത് വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വത്തിക്കാന്റെയും റോമിന്റെയും വിവിധ ഭാഗങ്ങളിൽ സംസ്കാര ശുശ്രൂഷ തത്സമയം കാണാനായി സ്ക്രീനുകൾ സജ്ജീകരിച്ചിരുന്നു. അന്തിമോപചാരമര്‍പ്പിക്കാന്‍ ട്രംപും സെലന്‍സ്‌കിയും ഇന്ത്യന്‍ രാഷ്ട്രപതിയും അടക്കം 130 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘം വത്തിക്കാനിലെത്തിയിരുന്നു. കേരളത്തെ പ്രതിനിധീകരിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍ വത്തിക്കാനിലെത്തി അന്തിമോപചാരം അർപ്പിച്ചു.