വാഷിംഗ്‌ടൺ: ട്രംപിന്റെ പലസ്തീൻ പരാമർശത്തിൽ വിമർശനങ്ങൾ ഉയർത്തി ലോകരാജ്യങ്ങൾ. റഷ്യ, ചൈന, തുർക്കി, ഫ്രാൻസ്, യുകെ, ബ്രസീൽ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളും വിവിധ സംഘടനകളും കടുത്ത വിമർശനവുമായി രംഗത്തെത്തി. ഗാസയെ പിടിച്ചടക്കാനും പലസ്തീനികളെ അയൽരാജ്യങ്ങളിലേക്ക് മാറ്റിപാർപ്പിക്കാനുമുള്ള യുഎസ് പ്രസിഡന്റിന്റെ പദ്ധതിക്കെതിരെയാണ് ലോക രാജ്യങ്ങൾ രംഗത്ത് വന്നിട്ടുള്ളത്. അധിനിവേശ വെസ്റ്റ് ബാങ്കിന്റെ പൂർണ നിയന്ത്രണം ഏറ്റെടുക്കാനും, ഗാസ മുനമ്പിൽ നിന്ന് പലസ്തീനികളെ പുറത്താക്കാനുമുള്ള ഇസ്രായേലി പദ്ധതിയെ എതിർക്കുന്നുവെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞു.
ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ മധ്യപൂർവദേശത്ത് ഒരു ഒത്തുതീർപ്പ് സാധ്യമാകൂ എന്ന് റഷ്യ വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗാസയെ സംബന്ധിച്ചുള്ള ട്രംപിന്റെ പദ്ധതികൾ അർത്ഥശൂന്യമാണെന്ന് ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ പറഞ്ഞു. ഗാസയെ പരിപാലിക്കേണ്ടത് പലസ്തീനികൾ ആണെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രായേലികൾക്കും പലസ്തീനികൾക്കും സമാധാനത്തിലും സുരക്ഷിതത്വത്തിലും ജീവിക്കാൻ കഴിയുന്ന ദ്വിരാഷ്ട്ര പരിഹാരത്തെ സർക്കാർ പിന്തുണക്കുന്നുവെന്നാണ് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് പറഞ്ഞത്.
യുഎസ് ഗാസ മുനമ്പ് ഏറ്റെടുക്കും, ഞങ്ങളും അത് ഉപയോഗിക്കും. ഞങ്ങൾ അത് സ്വന്തമാക്കും എന്നാണ് ട്രംപ് നെതന്യാഹുവുമായുള്ള സംയുക്ത പത്രസമ്മേളനത്തിൽ പറഞ്ഞത്. മാത്രമല്ല, പൊട്ടിത്തെറിക്കാതെ അവശേഷിക്കുന്ന ബോംബുകൾ അമേരിക്ക നിർവ്വീര്യമാക്കുമെന്നും, തകർന്ന കെട്ടിടങ്ങാവശിഷ്ടങ്ങൾ നീക്കം ചെയ്യുമെന്നും, പ്രദേശത്തെ ജനങ്ങൾക്ക് പരിധിയില്ലാത്ത തൊഴിലവസരങ്ങളും മറ്റും നൽകുന്ന ഒരു സാമ്പത്തിക വികസനം സൃഷ്ടിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.