
ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ നടക്കുന്ന വംശീയ അക്രമങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയാണെന്ന പാകിസ്ഥാന്റെ ആരോപണങ്ങള്‍ക്ക് ചുട്ട മറുപടിയുമായി ഇന്ത്യ. ബലൂചിസ്ഥാന്‍ മേഖലയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന പാക് ആരോപണങ്ങളെ തള്ളിയ ഇന്ത്യ, മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിനുപകരം പാകിസ്ഥാന്‍ തന്നിലേക്ക് തന്നെ നോക്കണമെന്നും വിദേശകാര്യ മന്ത്രാലയം തുറന്നടിച്ചു.
ഇന്ത്യ ‘ഭീകരതയെ സ്‌പോണ്‍സര്‍ ചെയ്യുന്നു’ എന്നും അയല്‍ രാജ്യങ്ങളെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും പാകിസ്ഥാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ആരോപിച്ചതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രതികരണം. ക്വെറ്റയില്‍ നിന്ന് പെഷവാറിലേക്കുള്ള 30 മണിക്കൂര്‍ യാത്രയ്ക്കിടെ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ജാഫര്‍ എക്‌സ്പ്രസ് ആക്രമിച്ച് യാത്രക്കാരെ ബന്ദിയാക്കിയ സംഭവത്തിനു പിന്നാലെയാണ് ഈ ആരോപണം ഉയര്‍ന്നത്.
‘പാകിസ്ഥാന്‍ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഞങ്ങള്‍ ശക്തമായി നിരസിക്കുന്നു. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രം എവിടെയാണെന്ന് ലോകമെമ്പാടും അറിയാം. സ്വന്തം ആഭ്യന്തര പ്രശ്നങ്ങളുടെയും പരാജയങ്ങളുടെയും ഉത്തരവാദിത്തത്തിന് മറ്റുള്ളവരിലേക്ക് വിരല്‍ ചൂണ്ടുന്നതിനും പകരം പാകിസ്ഥാന്‍ വിലയിരുത്തണം,’ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.