![](https://www.nrireporter.com/wp-content/uploads/2024/03/white-house.jpg)
വാഷിംഗ്ടണ്‍: ലോക രാജ്യങ്ങളില്‍ നിന്നുള്ള എതിര്‍പ്പും വിമര്‍ശനവും കടുത്തതോടെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഗാസാ പദ്ധതിയിൽ വിശദീകരണവുമായി വൈറ്റ്ഹൗസ്. ഗാസയുടെ പുനരുദ്ധാരണം നടക്കുന്ന സമയത്ത് നിവാസികളെ തത്കാലത്തേക്കു മാറ്റിപ്പാർപ്പിക്കുമെന്നാണ് ട്രംപ് ഉദ്ദേശിച്ചതെന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും വൈറ്റ്ഹൗസ് വക്താവ് കരോളിൻ ലെവിറ്റും വിശദീകരിച്ചത്. ഗാസയിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്തു പുനർനിർമിക്കാമെന്ന ട്രംപിന്‍റെ വാഗ്ദാനം വലിയ മഹാമനസ്കതയാണെന്ന് റൂബിയോ വിശദീകരിച്ചു.
ഇക്കാലയളവിൽ ഗാസ നിവാസികൾക്ക് മറ്റെവിടെയെങ്കിലും താമസിച്ചേ പറ്റൂ. യുദ്ധത്തിൽ തകർന്ന ഗാസ മനുഷ്യർക്കു താമസിക്കാൻ പറ്റുന്ന സ്ഥലമല്ലെന്നു കരോളിൻ ലെവിറ്റും പറഞ്ഞു.ചൊവ്വാഴ്ചയാണ് ഗാസയിലെ ജനങ്ങളെ പൂർണമായി ഒഴിപ്പിച്ച് വിപുലമായ പുനർനിർമാണം നടത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്.
ഇസ്രയേലിലെ തീവ്രനിലപാടുകാർ മാത്രമാണ് ട്രംപിന്‍റെ പദ്ധതിയെ സ്വാഗതം ചെയ്തിട്ടുള്ളത്. അമേരിക്കയിൽ ട്രംപിന്‍റെ റിപ്പബ്ലിക്കൻ പാർട്ടിക്കാർ വരെ എതിർപ്പ് ഉന്നയിച്ചിട്ടുണ്ട്.