
ടോക്യോ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി അംഗീകരിക്കപ്പെട്ട ജാപ്പനീസ് വനിത ടോമിക്കോ ഇറ്റൂക്ക 116 ആം വയസ്സിൽ അന്തരിച്ചുവെന്ന് അധികൃതർ അറിയിച്ചു. ആഷിയയിലെ സിറ്റി അധികൃതരാണ് ശനിയാഴ്ച വിവരം പുറത്തുവിട്ടത്. 2019 മുതൽ താമസിച്ചിരുന്ന നഴ്‌സിംഗ് ഹോമിൽ വെച്ച് ഡിസംബർ 29-ന് ഇറ്റൂക്ക ലോകത്തോട് വിടപറഞ്ഞെന്ന് മേയർ സ്ഥിരീകരിച്ചു.
1908 മെയ് 23-ന് ആഷിയയ്ക്ക് സമീപമുള്ള വാണിജ്യ കേന്ദ്രമായ ഒസാക്കയിലാണ് ഇറ്റൂക്കയുടെ ജനനം. 2024 ഓഗസ്റ്റിൽ 117 വയസ്സുള്ള സ്പെയിനിലെ മരിയ ബ്രാന്യാസ് മൊറേറയുടെ മരണത്തെത്തുടർന്ന്, ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു ഇറ്റൂക്ക.
നാല് മക്കളും അഞ്ച് പേരമക്കളുമുണ്ട്. രണ്ട് ലോകമഹായുദ്ധങ്ങൾ, പകർച്ചവ്യാധികൾ, സാങ്കേതിക മുന്നേറ്റങ്ങൾ എന്നിവയുൾപ്പെടെ നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചു. സ്കൂൾ പഠനകാലത്ത് വോളിബോളിൽ പങ്കെടുത്തിരുന്നു.