
പാരീസ്: ഫ്രാന്‍സിലെ ഏറ്റവും തിരക്കേറിയ പാരീസ് ഗാരെ ഡു നോര്‍ഡ് റെയില്‍വ്വേ സ്റ്റേഷനിലേക്കുള്ള ട്രാക്കുകളില്‍ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് കണ്ടെത്തി. ഇതേത്തുടര്‍ന്ന് സ്റ്റേഷനിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു.
പാരീസിന്റെ വടക്കന്‍ പ്രാന്തപ്രദേശമായ സെന്റ് ഡെനിസില്‍ അറ്റകുറ്റപ്പണികള്‍ക്കിടെയാണ് ഏകദേശം 2.5 കിലോമീറ്റര്‍ അകലെ പാളത്തിന്റെ മധ്യത്തില്‍ ബോംബ് കണ്ടെത്തിയതെന്ന് ദേശീയ എസ്എന്‍സിഎഫ് റെയില്‍ കമ്പനി അറിയിച്ചു.
ഫ്രഞ്ച് തലസ്ഥാനത്തിന്റെ വടക്ക് ഭാഗത്താണ് ഗാരെ ഡു നോര്‍ഡ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. പ്രതിദിനം 700,000 യാത്രക്കാര്‍ ഇതുവഴി കടന്നുപോകാറുണ്ട്. വാരാന്ത്യത്തിലേക്ക് കടക്കുന്നതിനാല്‍ തിരക്കേറുകയാണ്. ദിവസം മുഴുവന്‍ യാത്രാ തടസ്സം നേരിടുമെന്ന് ഗതാഗത മന്ത്രി ഫിലിപ്പ് ടാബറോട്ട് മുന്നറിയിപ്പ് നല്‍കി.