
വാഷിംഗ്ടണ്‍: ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ എക്‌സ്എഐ തങ്ങളുടെ എഐ ചാറ്റ്‌ബോട്ടായ ‘ഗ്രോക് 3’ നാളെ എത്തും. ഇന്ത്യന്‍ സമയം രാവിലെ 9.30നാണ് ‘ഗ്രോക് 3’ പുറത്തിറക്കുന്നത്. ജനറേറ്റീവ് എഐ രംഗത്തെ പ്രമുഖ പ്ലാറ്റ്‌ഫോമായ ചാറ്റ്ജിപിടിക്കൊരു വെല്ലുവിളി എന്ന നിലയിലാണ് ഗ്രോക് 3 വരുന്നത്. ‘ഭൂമിയിലെ ഏറ്റവും സ്മാര്‍ട്ടായ എഐ’ എന്നാണു ഗ്രോക് 3 യെ മസ്‌ക് വിശേഷിപ്പിക്കുന്നത്.
ഡിജിറ്റല്‍ വിവരങ്ങള്‍ ഉപയോഗിച്ചാണ് എഐ പ്ലാറ്റ്‌ഫോമുകള്‍ പ്രവര്‍ത്തിക്കുന്നത്. വരുത്തുന്ന തെറ്റുകള്‍ ഡേറ്റ നോക്കി വീണ്ടും വീണ്ടും പരിഹരിക്കുന്ന സവിശേഷത ഗ്രോക് 3 യ്ക്കുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഡേറ്റയില്‍ തെറ്റുണ്ടെങ്കില്‍ അതു കണ്ടെത്തി നീക്കാനും ഇതിനു കഴിയും. സ്ഥിരതയും കൃത്യതയും ഇതുവഴി പ്ലാറ്റ്‌ഫോം ഉറപ്പുവരുത്തുമെന്നു മസ്‌ക് പറയുന്നു. നിലവിലുള്ള എല്ലാ എഐ പ്ലാറ്റ്‌ഫോമുകളെയും പിന്തള്ളുന്ന പ്രകടനമായിരിക്കും ഗ്രോക് 3 നടത്തുകയെന്ന് കമ്പനി അവകാശപ്പെടുന്നു.
ചാറ്റ്ജിപിടിയുടെ മാതൃകമ്പനിയായ ഓപ്പണ്‍എഐയുടെ സ്ഥാപകരില്‍ ഒരാളായിരുന്നു ഇലോണ്‍ മസ്‌ക്. ലാഭരഹിത രീതിയില്‍ ഉയര്‍ന്നുവന്ന കമ്പനി ലാഭക്കണ്ണുകളോടെ പ്രവര്‍ത്തിക്കുന്നെന്ന് ആരോപിച്ച് മസ്‌ക് കമ്പനി ഉപേക്ഷിച്ചു. നിയമയുദ്ധങ്ങളിലേക്കും ഇതു വഴിവച്ചു.