
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യമുന ശുചീകരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് ബിജെപി. തിരഞ്ഞെടുപ്പിന് മുന്നോടിയായി വാര്‍ത്തകളില്‍ ഇടം നേടിയ യമുനയുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഞായറാഴ്ച ആരംഭിച്ചു. മാലിന്യം നീക്കം ചെയ്തുതുടങ്ങി. ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേനയും ദേശീയ തലസ്ഥാന ചീഫ് സെക്രട്ടറിയും തമ്മിലുള്ള കൂടിക്കാഴ്ചയെ തുടര്‍ന്നാണ് നടപടി.
തുടക്കത്തില്‍, യമുന നദിയിലെ മാലിന്യങ്ങള്‍, ചെളി എന്നിവ നീക്കം ചെയ്യും. വിവിധ വകുപ്പുകള്‍ ചേര്‍ന്നാണ് നദി വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. നദി പൂര്‍ണമായി ശുചിയാക്കാന്‍ മൂന്ന് വര്‍ഷത്തെ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്.
‘ഏകദേശം 3 വര്‍ഷത്തിനുള്ളില്‍ നദി വൃത്തിയാക്കാന്‍ ലക്ഷ്യമിടുന്ന ഈ മഹത്തായ പദ്ധതി നടപ്പിലാക്കുന്നതിന് ഡിജെബി (ഡല്‍ഹി ജലബോര്‍ഡ്), ഐ & എഫ്സി (ജലസേചന, വെള്ളപ്പൊക്ക നിയന്ത്രണ വകുപ്പ്), എംസിഡി (ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍), പരിസ്ഥിതി വകുപ്പ്, പിഡബ്ല്യുഡി (പൊതുമരാമത്ത് വകുപ്പ്), ഡിഡിഎ (ഡല്‍ഹി വികസന അതോറിറ്റി) എന്നിവയുള്‍പ്പെടെ വിവിധ ഏജന്‍സികളും വകുപ്പുകളും തമ്മിലുള്ള സുഗമമായ ഏകോപനം ആവശ്യമാണ്,’ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ പറഞ്ഞു.
ശുചീകരണ പുരോഗതി ആഴ്ചതോറും നിരീക്ഷിക്കും, നഗരത്തിലെ വ്യാവസായിക യൂണിറ്റുകള്‍ മലിനജലം അഴുക്കുചാലുകളിലേക്ക് ഒഴുക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഡല്‍ഹി മലിനീകരണ നിയന്ത്രണ സമിതിക്ക് (ഡിപിസിസി) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യമുന നദിയെ പുനരുജ്ജീവിപ്പിക്കാനും ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും മലിനീകരണം നിയന്ത്രിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി സ്വീകരിക്കുന്നത്.
യമുന നദിയില്‍ ചിലയിടങ്ങളില്‍ വിഷാംശം നിറഞ്ഞ പതകള്‍ ഒഴുകുന്നത് പതിവായിരുന്നു. ഇത് വലിയ ആശങ്കയും സൃഷ്ടിച്ചിരുന്നു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നല്‍കിയ വാഗ്ദാനമായിരുന്നു യമുനാ ശുചീകരണം. തിരഞ്ഞെടുപ്പിന് ചൂടേറിയ വിവാദം സൃഷ്ടിച്ച ഒന്നായിരുന്നു യമുന നദി. ഹരിയാന സര്‍ക്കാര്‍ ‘യമുന’ നദിയില്‍ വിഷം കലര്‍ത്തുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അവകാശപ്പെട്ടു. എന്നാല്‍, നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ തെരഞ്ഞെടുപ്പ് പ്രസംഗത്തില്‍ ബിജെപി ‘യമുന നദിയെ ഡല്‍ഹിയുടെ സ്വത്വമാക്കി’ മാറ്റുമെന്ന് പറഞ്ഞിരുന്നു. കെജ്രിവാളിന്റെ ആരോപണം ബിജെപിയും പ്രധാനമന്ത്രിയും പാടേ തള്ളിക്കളയുകയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ട് കെജ്രിവാളിനോട് തെളിവ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.