![](https://www.nrireporter.com/wp-content/uploads/2025/02/modi-and-trump-1.jpg)
വാഷിംഗ്ടണ്‍: വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ചയ്‌ക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് തന്റെ ‘ഔവര്‍ ജേര്‍ണി ടുഗെദര്‍’ എന്ന പുസ്തകത്തിന്റെ ഒപ്പിട്ട പകര്‍പ്പ് സമ്മാനിച്ചു. ‘മിസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍ യു ആര്‍ ഗ്രേറ്റ്’ എന്ന് എഴുതിച്ചേര്‍ത്തായിരുന്നു മോദിക്ക് പ്രിയ സുഹൃത്ത് സ്‌നേഹ സമ്മാനം നല്‍കിയത്.
നിര്‍ണായക ചര്‍ച്ചകള്‍ക്കായി എത്തിയ മോദിയെ ട്രംപ് തന്റെ ഓവല്‍ ഓഫീസില്‍ ഊഷ്മളമായ ആലിംഗനം നല്‍കിയാണ് സ്വീകരിച്ചത്. ‘വൈറ്റ് ഹൗസില്‍ നിങ്ങളെ വീണ്ടും കാണുന്നതില്‍ എനിക്ക് സന്തോഷമുണ്ട്,’ പ്രധാനമന്ത്രി മോദി പ്രസിഡന്റ് ട്രംപിനോട് പറഞ്ഞു. ‘ഞങ്ങള്‍ നിങ്ങളെ മിസ്സ് ചെയ്തു, ഞങ്ങള്‍ നിങ്ങളെ വളരെയധികം മിസ്സ് ചെയ്തു.’ എന്നായിരുന്നു മോദിയോട് ട്രംപ് പറഞ്ഞത്. ഇരുവരുടേയും സൗഹൃദം മുമ്പും ചര്‍ച്ചയായിട്ടുണ്ട്.
President Trump often talks about MAGA.
— Narendra Modi (@narendramodi) February 14, 2025
In India, we are working towards a Viksit Bharat, which in American context translates into MIGA.
And together, the India-USA have a MEGA partnership for prosperity!@POTUS @realDonaldTrump pic.twitter.com/i7WzVrxKtv
പ്രസിഡന്റായി വീണ്ടും അധികാരം ഏറ്റെടുത്ത ശേഷം ട്രംപുമായുള്ള മോദിയുടെ ആദ്യ കൂടിക്കാഴ്ചയായിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍, ഇരു നേതാക്കളും തങ്ങളുടെ ദീര്‍ഘകാല സൗഹൃദത്തെക്കുറിച്ച് പരാമര്‍ശിക്കുകയും മുന്‍കാല കൂടിക്കാഴ്ചകള്‍ ഓര്‍മ്മിക്കുകയും ചെയ്തു. ട്രംപ് പറഞ്ഞു, ‘എന്റെ സുഹൃത്ത്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വൈറ്റ് ഹൗസിലേക്ക് തിരികെ സ്വാഗതം ചെയ്യുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. അദ്ദേഹം ഒരു പ്രത്യേക മനുഷ്യനാണ്’. 2020 ല്‍ ഇന്ത്യയില്‍ വെച്ച് പ്രധാനമന്ത്രി മോദി തനിക്കും ഭാര്യ മെലാനിയയ്ക്കും നല്‍കിയ സ്വീകരണം ഓര്‍മ്മിക്കുകയും അതിന് പകരമായി ഇപ്പോഴൊരു സ്വീകരണം നല്‍കുന്നതില്‍ സന്തോഷമുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.