ട്രംപുമായുള്ള 90 മിനിറ്റ് സംഭാഷണത്തിൽ ‘സമ്പൂര്‍ണ വെടിനിര്‍ത്തൽ’ പുടിൻ തള്ളിയതിന് പിന്നാലെ പ്രതികരണവുമായി സെലൻസ്കി, ‘യുദ്ധം നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങളെ ലോകം തടയണം’

കീവ്: സമ്പൂര്‍ണ വെടിനിർത്തലിനുള്ള യുഎസ് നിർദേശം റഷ്യൻ പ്രധാനമന്ത്രി വ്‌ളാദിമിർ പുടിൻ നിരസിച്ചതായി യുക്രൈന്‍ പ്രസിഡന്‍റ് വ്ളോദിമിര്‍ സെലെൻസ്‌കി. യുക്രൈനെതിരായ യുദ്ധം നീട്ടിക്കൊണ്ടുപോകാനുള്ള റഷ്യയുടെ ശ്രമങ്ങളെ തടയണമെന്നും സെലൻസ്കി ലോകത്തോട് അഭ്യർഥിച്ചു. യുക്രേനിയൻ ഊര്‍ജ സ്രോതസുകൾ ആക്രമിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്താൻ പുടിന്‍ സമ്മതിച്ചിട്ടുണ്ട്.

പക്ഷേ, 30 ദിവസത്തെ വെടിനിര്‍ത്തൽ അംഗീകരിക്കാൻ വിസമ്മതിച്ചുവെന്ന് സെലന്‍സ്കി പറഞ്ഞു. 30 ദിവസത്തെ വെടിനിർത്തലിന് സമ്മതിച്ച സെലെൻസ്കി, ചൊവ്വാഴ്ച പുടിനും ട്രംപും തമ്മിലുള്ള ഒരു കോളിന് ശേഷം, പുടിൻ മുന്നോട്ടുവച്ച പരിമിതമായ വെടിനിർത്തൽ നിർദേശത്തെ പിന്തുണയ്ക്കുമെന്ന് പറഞ്ഞു.

എന്നാല്‍ ഏതാനും മണിക്കൂറുകൾക്ക് ശേഷം യുക്രേനിയൻ അടിസ്ഥാന സൗകര്യങ്ങളിലേക്ക് മോസ്കോ 40ലധികം ഡ്രോണുകൾ വിക്ഷേപിക്കുകയായിരുന്നു. “യുദ്ധം നീട്ടിക്കൊണ്ടുപോകാനുള്ള പുടിന്‍റെ ഏതൊരു ശ്രമത്തെയും ലോകം നിരസിക്കുന്നതാണ് ശരിയായ പ്രതികരണം.” അദ്ദേഹം ടെലിഗ്രാമിൽ കുറിച്ചു. അതേസമയം, വിശാലമായ ഒരു സമാധാന പദ്ധതിയിലേക്ക് പോവുക എന്നതാണ് ട്രംപും പുടിനും തമ്മിലുള്ള ടെലിഫോൺ സംഭാഷണത്തിന്‍റെ ലക്ഷ്യമെന്നും സൗദി അറേബ്യയിൽ മറ്റൊരു റൗണ്ട് ചർച്ചകൾ ഉടൻ നടത്തുമെന്നും വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്.