
കീവ് : യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ഓവല്‍ ഓഫീസില്‍ നടത്തിയ ചര്‍ച്ചയില്‍ ട്രംപിന്റെ കോപത്തിന്റെ ചൂടറിഞ്ഞ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കി വാഗ്വാദത്തില്‍ ഖേദം പ്രകടിപ്പിച്ചു. യുക്രെയ്‌നിനുള്ള സൈനികസാമ്പത്തിക സഹായങ്ങള്‍ യുഎസ് നിര്‍ത്തിവച്ചതിനു പിന്നാലെയാണ് സെലന്‍സ്‌കിയുടെ മാപ്പുപറച്ചില്‍.
യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയുമായി കരാറിന് ആഗ്രഹിക്കുന്നുവെന്നും ശാശ്വതമായ സമാധാനത്തിനു ട്രംപിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും സെലന്‍സ്‌കി എക്‌സില്‍ കുറിച്ചു. മാത്രമല്ല, ധാതു ഖനന കരാര്‍ ഏത് സമയത്തും ഒപ്പിടാന്‍ തയ്യാറാണെന്നും സെലന്‍സ്‌കി പറയുന്നു.
‘യുക്രെയ്‌നിനെക്കാള്‍ സമാധാനം ആഗ്രഹിക്കുന്ന ആരും ഇല്ല. സമാധാനത്തിനായി ഡോണള്‍ഡ് ട്രംപിന്റെ ശക്തമായ നേതൃത്വത്തിനു കീഴില്‍ പ്രവര്‍ത്തിക്കാന്‍ ഞാനും എന്റെ സംഘവും തയ്യാറാണ്. യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികള്‍ എത്രയും വേഗത്തില്‍ സ്വീകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. തടവുകാരുടെ മോചനവും ആകാശയുദ്ധം താല്‍കാലികമായി നിര്‍ത്തിവയ്ക്കലുമായിരിക്കണം ആദ്യഘട്ടം. മിസൈല്‍, ദീര്‍ഘദൂര ഡ്രോണുകള്‍, ബോംബ് എന്നിവയുടെ നിരോധനവും കടല്‍മാര്‍ഗമുള്ള ആക്രമണങ്ങളും റഷ്യ അവസാനിപ്പിച്ചാല്‍ യുക്രെയ്‌നും അതുപോലെ ചെയ്യും. പിന്നീട് വളരെ വേഗത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ച് മുന്നോട്ടുപോകുകയും യുഎസുമായി സഹകരിച്ച് ശക്തമായ അന്തിമ കരാറില്‍ എത്തിച്ചേരുകയും ചെയ്യാം.’ സെലന്‍സ്‌കി കുറിച്ചു.
യുക്രെയ്നിന്റെ പരമാധികാരവും സ്വാതന്ത്ര്യവും നിലനിര്‍ത്താന്‍ അമേരിക്ക എത്രമാത്രം സഹായിച്ചിട്ടുണ്ടെന്ന് ശരിക്കും മനസിലാക്കുന്നുവെന്നും ട്രംപ് അധികാരത്തിലെത്തിയപ്പോള്‍ ജാവലിന്‍ മിസൈലുകള്‍ തന്നത് യുക്രെയ്‌നിലുണ്ടാക്കിയ മാറ്റങ്ങളില്‍ ഞങ്ങള്‍ നന്ദിയുള്ളവരാണെന്നും സെലെന്‍സ്‌കി പറഞ്ഞു.
വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ച പ്രതീക്ഷിച്ച രീതിയില്‍ നടന്നില്ലെന്നും അങ്ങനെ സംഭവിച്ചതില്‍ ഖേദമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.