
കീവ്: റഷ്യ – യുക്രൈൻ യുദ്ധത്തിൽ യുക്രൈനെയും യുക്രൈൻ പ്രസിഡന്‍റ് വ്ലാദിമിർ സെലെൻസ്കിയെയും അമേരിക്ക ആദ്യമായി പരസ്യമായി തള്ളിപ്പറഞ്ഞതിന് പിന്നാലെ ഉരുളക്ക് ഉപ്പേരി പോലുള്ള മറുപടിയുമായി സെലൻസ്കി രംഗത്തെത്തി. ഡോണൾഡ് ട്രംപിന്റെ വിമർശനത്തിന്, റഷ്യ സൃഷ്ടിച്ച ‘തെറ്റായ വിവരങ്ങളുടെ ഒരു ഇടത്തിലാണ്’ ട്രംപ് ജീവിക്കുന്നതെന്നാണ് യുക്രൈൻ പ്രസിഡന്റ് മറുപടി നൽകിയത്. ഉഭയകക്ഷി വിഷയങ്ങൾ ചർച്ച ചെയ്യുന്നത് അമേരിക്കയുടെ അവകാശമാണെന്നും എന്നാൽ വർഷങ്ങളുടെ ഒറ്റപ്പെടലിൽ നിന്ന് കരകയറാൻ പുടിനെ അമേരിക്ക സഹായിച്ചുവെന്നും സെലെൻസ്‌കി പറഞ്ഞു.
നേരത്തെ റഷ്യയുമായുള്ള യുദ്ധത്തിൽ യുക്രൈനെ കുറ്റപ്പെടുത്തി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. അമേരിക്കയും റഷ്യയും നടത്തിയ സമാധാന ചർച്ചയിൽ നിന്ന് ഒഴിവാക്കിയതിൽ യുക്രൈൻ പ്രസിഡന്‍റ് വ്ലാദിമിർ സെലെൻസ്കി പ്രതിഷേധം അറിയിച്ചതിനുള്ള മറുപടിയിലാണ് രൂക്ഷ വിമർശനം ട്രംപ് നടത്തിയത്. നിങ്ങൾ യുദ്ധം തുടങ്ങാൻ പാടില്ലായിരുന്നുവെന്നാണ് ട്രംപ് പറഞ്ഞത്. അൽപ്പമെങ്കിലും നയതന്ത്രജ്ഞത ഉള്ള നേതാവ് ആയിരുന്നെങ്കിൽ യുക്രൈന് കാര്യമായ നഷ്ടം ഉണ്ടാകാതെ പണ്ടേ യുദ്ധം അവസാനിപ്പിക്കാമായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു. സെലിൻസ്കിക്ക് നാല് ശതമാനം യുക്രൈൻകാരുടെ പിന്തുണ മാത്രമേയുള്ളൂവെന്നും അവിടെ വേഗം തെരഞ്ഞെടുപ്പ് നടത്തണമെന്നുമുള്ള റഷ്യൻ വാദവും ട്രംപ് ആവർത്തിച്ചു