
കീവ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രൈൻ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്കിയും തമ്മിൽ നടന്ന കൂടിക്കാഴ്ചക്കിടെ ഉണ്ടായ വാക്കേറ്റത്തിലും വെല്ലുവിളിയും ലോകമാകെ കണ്ടതാണ്. അതിരൂക്ഷമായ തർക്കത്തിനൊടുവിൽ സെലൻസ്കിയോട് വൈറ്റ് ഹൗസിൽ നിന്ന് കടക്ക് പുറത്തെന്ന് ട്രംപ് ആക്രോശിച്ചെന്നതടക്കമുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എല്ലാത്തിനുമൊടുവിൽ വൈറ്റ് ഹൗസിൽ നിന്നും മടങ്ങിയ സെലൻസ്കിയുടെ പുതിയ പോസ്റ്റാണ് ലോകത്തിന്‍റെ ശ്രദ്ധയാകർഷിക്കുന്നത്. റഷ്യയുമായുള്ള യുദ്ധം തുടങ്ങിയതുമുതൽ അമേരിക്ക നൽകി എല്ലാ പിന്തുണയ്ക്കും ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞുകൊണ്ടുള്ള കുറിപ്പാണ് സെലൻസ്കി എക്സിൽ പങ്കുവച്ചത്. പ്രസിഡന്റ് ട്രംപിനും കോൺഗ്രസിനും അമേരിക്കൻ ജനതയ്ക്കും നന്ദി പറയുന്നു. യുക്രൈൻ ജനത എല്ലായ്‌പ്പോഴും ഈ പിന്തുണയെ വിലമതിച്ചിട്ടുണ്ട്, ഏറെ പ്രത്യേകിച്ച് അധിനിവേശത്തിന്റെ കഴിഞ്ഞ 3 വർഷങ്ങളിൽ എന്നാണ് സെലെൻസ്കി എക്സിൽ കുറിച്ചത്.
റഷ്യക്കെതിരായ യുദ്ധത്തിൽ അമേരിക്ക തങ്ങളുടെ പക്ഷത്ത് കൂടുതൽ ഉറച്ചുനിൽക്കണമെന്നും യുക്രൈൻ പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്ക മുന്നോട്ടുവച്ച ധാതു കരാറിൽ ഒപ്പുവെക്കാൻ യുക്രൈൻ തയ്യാറാണെന്നും വൈറ്റ് ഹൗസിൽ നിന്ന് കൂടുതൽ സുരക്ഷാ ഉറപ്പ് ആവശ്യമാണെന്നും സെലൻസ്കി വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയുടെ പിന്തുണയില്ലാതെ റഷ്യൻ ആക്രമണത്തെ അതിജീവിക്കുക പ്രയാസമാണെന്നും യുക്രൈൻ ജനത, അമേരിക്കയുടെ ശക്തമായ നിലപാട് കേൾക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കാലയളവിൽ അമേരിക്ക നൽകിയ എല്ലാ പിന്തുണയ്ക്കും താനും യുക്രൈൻ ജനതയും വളരെ നന്ദിയുള്ളവരാണെന്നും സെലൻസ്കി പ്രതികരിച്ചു. എന്നാൽ സെലൻസ്കിയുടെ ആവശ്യത്തോട് അമേരിക്ക ഇതുവരെയും പ്രതികരിച്ചിട്ടില്ല.