
വാഷിംഗ്ടണ്‍: റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ യുദ്ധം അവസാനിപ്പിക്കുക എന്നതാണ് പ്രസിഡന്റ് ഡോണ്‍ള്‍ഡ് ട്രംപ് ലക്ഷ്യമിടുന്നതെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍എസ്എ) മൈക്ക് വാള്‍ട്ട്‌സ്. സമാധാന ചര്‍ച്ചകള്‍ നടത്താനുള്ള അവസരം ഉപയോഗിക്കാത്തതിന് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. സെലെന്‍സ്‌കിയെ ട്രംപ് കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വാള്‍ട്ട്‌സിന്റെ പരാമര്‍ശം.
‘ഈ യുദ്ധം അവസാനിപ്പിക്കുക എന്നതാണ് പ്രസിഡന്റ് ട്രംപിന്റെ ലക്ഷ്യം. ഇരുവശത്തും തുടര്‍ച്ചയായ പോരാട്ടങ്ങള്‍ നടക്കുന്നുണ്ട്. ഇത് ഒന്നാം ലോകമഹായുദ്ധ ശൈലിയിലുള്ള ട്രെഞ്ച് യുദ്ധമാണ്. പ്രസിഡന്റ് സെലെന്‍സ്‌കിയുടെ കാര്യത്തില്‍ ട്രംപിന് വര്‍ദ്ധിച്ച നിരാശയുണ്ട്. പ്രസിഡന്റ് ട്രംപിനെതിരെ യുക്രെയ്‌നില്‍ നിന്ന് പുറത്തുവരുന്ന ചില വാക്കുകളും അപമാനങ്ങളും അസ്വീകാര്യമാണ്. പ്രസിഡന്റ് സെലെന്‍സ്‌കി ചര്‍ച്ചയ്ക്ക് വരാത്തതിനാലും ഞങ്ങള്‍ വാഗ്ദാനം ചെയ്ത ഈ അവസരം ഉപയോഗിക്കാന്‍ തയ്യാറാകാത്തതിനാലും ട്രംപ് വളരെയധികം നിരാശനാണ്. അദ്ദേഹം ഉടന്‍ തന്നെ വേണ്ടത് ചെയ്യുമെന്ന് ഞാന്‍ കരുതുന്നു.’ വാള്‍ട്ട്‌സ് പറഞ്ഞു.